
കോട്ടയം : ജില്ലയിലെ ക്വട്ടേഷൻ, കവർച്ചാ പ്രതികളെല്ലാം രണ്ട് വർഷത്തിലേറെയായി ലഹരി മാഫിയയുടെ ഭാഗമാണ്. അടിപിടിക്കേസുകളിൽപ്പെട്ട് തടി കേടാക്കുന്നതിലും ലാഭം ലഹരിക്കടത്ത് സേഫായി കരുതുകയായിരുന്നു പലരും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി എത്തിച്ച് വിൽക്കുന്ന വൻസംഘങ്ങൾ സജീവമാണ്. കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലും സൂക്ഷിക്കുന്നതും റിസ്‌ക് കൂടുതലാണ്. കൂടുതൽ പണം ലഭിക്കാൻ അമിതഅളവിൽ സൂക്ഷിക്കണം. മണവും പുറത്തുവരും. ഈ സാഹചര്യത്തിൽ രാസലഹരിയോടാണ് പ്രിയം. വളരെ കുറഞ്ഞ അളവിന് പോലും ലാഭം കൂടുതലാണ്. ചെറുമണൽത്തരി പോലെയുള്ള രാസലഹരി നഖത്തിന്റെ ഇടയിൽ പോലും സൂക്ഷിക്കാം. ലഹരി, ക്വട്ടേഷൻ സംഘങ്ങളിലെ നിരവധിപ്പേർ കാപ്പ ചുമത്തിയും ശിക്ഷ അനുഭവിച്ചും ജയിലിലാണ്. ഇവരുടെ സംഘാംഗങ്ങളായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇവരൊക്കെ ഇപ്പോൾ ഒളിവിലാണ്. എന്നാൽ ഇതിലൊന്നും പെടാത്ത പൊലീസിന് കാര്യമായ വിവരം ലഭിക്കാത്ത കടത്തുകാരുമുണ്ട്. ആഡംബര ജീവിതമാണ് പലരുടെയും ലക്ഷ്യം.
കെണിയിൽ കുടുങ്ങി ഉന്നതരുടെ മക്കളും
അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്. പലരും എം.ഡി.എം.എ അടക്കമുള്ളവയ്ക്ക് അടിമകളുമാണ്. ജില്ലയിൽ സമീപകാലത്ത് ലഹരിക്കേസിൽ പിടികൂടിയവരിൽ ഭൂരിഭാഗവും 30 വയസിൽ താഴെയുള്ളവരാണ്. ഉന്നതരുടെ മക്കളും ഇതിൽ ഉൾപ്പെടും. ചെറിയ അടിപടി കേസുകളിൽ തുടങ്ങി സ്ഥിരം കുറ്റവാളികളും ഗുണ്ടാ നേതാക്കളുമായി മാറുന്നതാണ് കാഴ്ച. പിടിക്കപ്പെട്ടാലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും അഴിഞ്ഞാടുകയാണ്. വേളൂർ മാണിക്കുന്നത്ത് നടന്ന കൊലപാതക കേസിൽ കൊല്ലപ്പെട്ട ആദർശിനൊപ്പം എത്തിയത് പൊലീസിനെ നായയെ അഴിച്ചുവിട്ട് അക്രമിച്ച കേസിലെ മുഖ്യപ്രതി റോബിൻ ആണ്. നായപരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് സൂക്ഷിച്ചതിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതാണ്.
ചുളുവിൽ കാശുണ്ടാക്കാം
ലഹരിയുമായി പിടിക്കപ്പെടുന്നവരിലേറെയും ഗുണ്ടകളും, അവരോട് അടുപ്പം പുലർത്തുന്നവരും
ആന്ധ്ര, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്
നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് മറിച്ചു വിൽക്കമ്പോൾ ലക്ഷങ്ങളാണ് പോക്കറ്റിലെത്തുക
പുറമേ നല്ല പിള്ള ചമഞ്ഞ് ലഹരി കടത്തിൽ കൂടുതൽ ആക്ടീവാകുകയാണ് പലരും
''തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ജില്ലയിൽ അക്രമസംഭവങ്ങൾ തുടക്കഥയാകുകയാണ്. മോഷണം, കൊലപാതകം എന്നിവ വർദ്ധിക്കുമ്പോഴും പൊലീസ് നിസംഗത തുടരുകയാണ്. രാത്രികാലങ്ങളിൽ പേരും ഫോൺ നമ്പരും മാത്രം എഴുതിയുള്ള പരിശോധന മാത്രമാണ് നടക്കുന്നത്.
-പൊതുപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |