
കോട്ടയം : വീടിന്റെ വരാന്തയിൽ രക്തം പുരണ്ട മുണ്ട്, ഗേറ്റിലും മതിലിലും രക്തക്കറ, ഗേറ്റിന് സമീപം മതിലിനോട് ചേർന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർച്ചയേറിയ കത്തി....കൊലപാതകത്തിന്റെ ബാക്കിപത്ര കാഴ്ചയായിരുന്നു ഇത്. ഇന്നലെ പുലർച്ചെ 1.45 ഓടെയാണ് അഭിജിത്ത് ആദർശിനെ കുത്തിക്കൊലപ്പെടുത്തിയത്. വീടിന്റെ മുൻപിലെ സി.സി.ടി.വി ക്യാമറയിൽ ഇവർ തമ്മിലുള്ള കൈയാങ്കളിയുടെയും കൊലയുടെയും ദൃശ്യങ്ങൾ വ്യക്തമാണ്. വീടിന്റെ ഗേറ്റിനടുത്ത് വച്ചാണ് അഭിജിത്ത് ആദർശിനെ കുത്തിയത്. ഈ സമയം അഭിജിത്തിന്റെ പിതാവ് അനിൽകുമാറും, അമ്മ ശ്രീകലയും ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാം. കുത്തേറ്റ ആദർശ് റോഡരികിലൂടെ നടന്ന് 15.5 മീറ്റർ അകലെ വെള്ളക്കെട്ടിൽ ചെന്ന് വീണു. അനിൽകുമാറും ആദർശ് വന്ന കാറിലുണ്ടായിരുന്ന സുഹൃത്ത് റോബിനും ചേർന്നാണ് പുറത്തെത്തിച്ചത്. തുടർന്ന് ഇതേ കാറിൽ ആശുപത്രിയിലെത്തിച്ചു. മൂന്ന് കുത്താണ് ആദർശിന്റെ ശരീരത്തിലേറ്റത്. ഇതിൽ കഴുത്തിലും, നെഞ്ചിലും ഏറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഭാവഭേദമില്ലാതെ പ്രതി
കൊലപാതക വിവരമറിഞ്ഞ് മാണിക്കുന്നത്തെ വീടിന് മുന്നിൽ ഇന്നലെ രാവിലെ മുതൽ ജനം തടിച്ചുകൂടി. സംഭവസ്ഥലം പൊലീസ് അതിരുകെട്ടി തിരിച്ചിരുന്നു. 11.30 ഓടെ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. ഉച്ചയ്ക്ക് 12.30 ഓടെ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഗേറ്റിന് സമീപത്ത് കിടന്ന പ്രതിയുടെ ചെരുപ്പുകളിൽ രക്തക്കറയുണ്ടായിരുന്നു. ഭാവഭേദമില്ലാതെയാണ് പ്രതി പൊലീസിനോട് സംഭവം വിശദീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |