
കോട്ടയം: ഇന്നലെ പുലർച്ചെ നഗരം ഉണർന്നത് യുവാവിന്റെ കൊലപാതക വാർത്ത കേട്ടാണ്. വേളൂർ മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലായിരുന്നു നഗരവാസികൾ. പിന്നിൽ മുൻ കൗൺസിലറുടെ മകനാണെന്ന വാർത്തകൂടി വന്നതോടെ സംഭവത്തിന്റെ ഗൗരവം വർദ്ധിച്ചു. സോഷ്യൽമീഡിയയിലടക്കം പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം ചർച്ചയായി. ലഹരിഇടപാടും, സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സമൂഹത്തിന് മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കളുടെ മക്കൾ വരെ ലഹരിവലയിൽ അകപ്പെടുന്നതിന്റെ ആശങ്കയും ജനം പങ്കുവച്ചു. സമൂഹത്തിനെ കാർന്നുതിന്നുന്ന വൈറസായി ലഹരി മാറിയെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.
മോഷണം മുതൽ പീഡനക്കേസ് വരെ
കൊലപാതക കേസിൽ അറസ്റ്റിലായ അഭിജിത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കഞ്ചാവ്, അടിപിടി, പീഡനക്കേസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. കൊല്ലപ്പെട്ട ആദർശുമായി അഭിജിത്തിന് ലഹരി ഇടപാടും സജീവമായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം ബംഗളൂരുവിലും മറ്റും കറങ്ങി നടക്കുന്ന അഭിജിത്തിന് ജോലിയില്ല. പണം കണ്ടെത്തിയിരുന്നത് ലഹരിക്കച്ചവടത്തിലൂടെയാണ്. സമീപകാലത്ത് എം.ഡി.എം.എ കടത്തിക്കൊണ്ടു വന്ന സംഭവത്തിലും അഭിജിത്തിനെ പൊലീസ് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |