സതീശന് അഭിവാദ്യം അർപ്പിച്ച് കോട്ടയത്ത് ആഹ്ലാദ പ്രകടനം
കോട്ടയം : നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും, ലഡു വിതരണവും നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം ബേക്കർ ജംഗ്ഷൻ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. നേതാക്കളായ ഫിൽസൺ മാത്യൂസ്, അനിയൻ മാത്യു, ഷാനവാസ് പാഴൂർ, യൂജിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പ്രകടനം നടത്തി. ചിറക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമാൻതുണ്ടം, നിയോജക മണ്ഡലം കൺവീനർ ബിനു ചെങ്ങളം, സെക്രട്ടറി മുഹമ്മദ് ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാലായിൽ നടന്ന ആഹ്ലാദ പ്രകടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബിജുപുന്നത്താനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. പാമ്പാടിയിലും കാഞ്ഞിരപ്പള്ളിയിലും പ്രകടനം നടന്നു.