കോട്ടയം: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് കോട്ടയം പൗരാവലിയുടെയും ബി.സി.എം കോളേജിന്റെയും ആഭിമുഖ്യത്തിൽ സ്നേഹാദരവ്. അമ്മയുടെ ഉമ്മ കിട്ടിയ അനുഭവമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടയത്തുകാരുടെ സ്നേഹത്തിന് പകരംവയ്‌ക്കാൻ മറ്റൊന്നുമില്ല.
അമ്മയുടേതിന് സമാനമായുള്ള വിശ്വാസമാണ് സ്വന്തം നാടിനോടുള്ളത്. തന്റെ സഹോദരിമാർ പഠിച്ചത് ബി.സി.എം കോളേജിലാണ്. തന്നെ വളർത്തിയത് കോട്ടയത്തുകാരാണെന്നും പബ്ലിക് ലൈബ്രറിയിൽ ചെലവഴിച്ച നിമിഷങ്ങൾ പുരോഗതിയ്ക്ക് കാരണമായെന്നും ആനന്ദബോസ് പറഞ്ഞു.
പശ്ചിമബംഗാൾ രാജ്ഭവനിൽ എന്തെങ്കിലും നിവേദനമോ മറ്റോ ലഭിച്ചാൽ അത് ഗവർണറുടെ ശ്രദ്ധയിലെത്തിക്കാൻ ഐ.ടി പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പേര് 'കോട്ടയം" എന്നാണെന്നും ആനന്ദബോസ് പറഞ്ഞു. വർഷത്തിൽ ഒരുതവണയെങ്കിലും കോളേജിലെ വിദ്യാർത്ഥികളടങ്ങുന്ന സംഘം ബംഗാൾ രാജ്ഭവനിൽ താമസിക്കണമെന്ന ക്ഷണം നൽകിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ക്‌നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന വക്താവ് എൻ.കെ. നാരായണൻ നമ്പൂതിരി, ബി.സി.എം കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു.
കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് സ്വാഗതവും കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി നന്ദിയും പറഞ്ഞു. പൗരാവലിയുടെ ഉപഹാരം ഫാ. ഡോ. ബിനു കുന്നത്തും ബി.സി.എം കോളേജിന്റേത് ബർസാർ ഫാ. ഫിലമോൻ കളാത്രയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |