കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബയോമൈനിംഗ് പ്രവൃത്തി പൂർത്തിയാവുന്നതിന് മുമ്പ് തന്നെ കരാറുകാരായ സോണ്ട ഇൻഫ്രടെക്കിന് പണം നൽകാനുള്ള കോർപ്പറേഷന്റെ ശ്രമം അനുവിദിക്കില്ലെന്ന് യു.ഡി.എഫും ബി.ജെ.പിയും. കെട്ടിട നമ്പർ തട്ടിപ്പ്, പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിലെ പണം നഷ്ടമായത് തുടങ്ങി നിരവധി വിവാദങ്ങളിൽ പെട്ട കോർപ്പറേഷൻ ഭരണസമിതിയ്ക്ക് ഞെളിയൻപറമ്പും കുരുക്കാവുകയാണ്. ബയോമൈനിംഗ് പോലും കൃത്യമായി നടത്താൻ കഴിയാത്ത കമ്പനിയ്ക്ക് എങ്ങനെയാണ് 250 കോടിയുടെ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കാനാവുകയെന്ന ചോദ്യവും ഉയരുകയാണ്. ഞെളിയൻപറമ്പിലെ പ്ലാന്റ് സന്ദർശിക്കാനെത്തിയ ബി.ജെ.പി കൗൺസിലർമാരെയും മാദ്ധ്യമപ്രവർത്തകരെയും പ്ലാന്റിൽ പൂട്ടിയിടുക കൂടി ചെയ്തതോടെ വിഷയത്തിൽ രാഷ്ട്രീയ ചൂടും കൂടുകയാണ്. ബയോമൈനിംഗ് പ്രവൃത്തി ഏറ്റെടുക്കാൻ സോണ്ട ഇൻഫ്രടെക് കമ്പനിയുടെ പ്രവൃത്തിയെ കുറിച്ച് മേയറുടെ നേതൃത്വത്തിൽസർവ്വകക്ഷി സംഘം പരിശോധന നടത്തണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ പ്രധാന ആവശ്യം. ബയോ മൈനിംഗ് പ്രവൃത്തിക്ക് സോണ്ട കമ്പനിക്ക് 7.75കോടിയുടെ കരാറ് നൽകിയതാണ്. എന്നാൽ പ്രവൃത്തി ഭാഗികമായി നടത്തിയ കമ്പനി 75 ശതമാനം തുകയും ആവശ്യപ്പെട്ട് കോർപ്പറേഷൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കരാർ ലംഘിച്ച കമ്പനിക്ക് തുക അനുവദിക്കരുതെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻ കോയയും ആവശ്യപ്പെട്ടു. 250 കോടിയുടെ വേസ്റ്റ് എനർജി പദ്ധതിയും ഈ കമ്പനിയ്ക്കാണ് നൽകിയത്. പദ്ധതി ഏറ്റെടുക്കാൻ സോണ്ട കമ്പനിക്ക് പ്രാപ്തിയില്ലെന്നും കരാർ പൂർണമായി റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
കൗൺസിലർമാരെ മാലിന്യ കേന്ദ്രത്തിൽ പൂട്ടിയിട്ടാൽ ഒതുങ്ങുമോ വിവാദ പുക
കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബി.ജെ.പി കൗൺസിലർമാരെയും മാദ്ധ്യമപ്രവർത്തകരെയും അധികൃതർ പൂട്ടിയിട്ടു. ബി.ജെ.പി കൗൺസിലർമാരായ ടി. രനീഷ്, നവ്യ ഹരിദാസ്, സരിതാ പറയേരി, സി.എസ്. സത്യഭാമ, എൻ. ശിവപ്രസാദ്, രമ്യാ സന്തോഷ്, ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, വൈസ് പ്രസിഡന്റ് സി. സാബുലാൽ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് എന്നിവരെയും മാദ്ധ്യമ പ്രവർത്തകരും അടങ്ങിയ സംഘത്തെയാണ് സുരക്ഷാ ജീവനക്കാർ ഗേറ്റിന് പുറത്തു നിന്ന് പൂട്ടിയത്. കോർപ്പറേഷനിൽ നിന്ന് നിർദേശം ലഭിച്ചതിനെതുടർന്നാണ് പൂട്ടിയതെന്നാണ് ജീവനക്കാർ പറഞ്ഞത്. നല്ലളം പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് അധികൃതർ ഗേറ്റ് തുറന്നു നൽകിയത്.
കാത്തിരിക്കുന്നത് ബ്രഹ്മപുരത്തേക്കാൾ വലിയ അപകടമോ
ഞെളിയൻ പറമ്പ് വളരെ മോശം അവസ്ഥയിലാണെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് സന്ദർശിക്കാൻ അകത്ത്കയറിയവരെ പുറത്തേക്ക് കടത്തിവിടാതെ പൂട്ടിയിട്ടതെന്നും ബി.ജെ.പി കൗൺസിലർ ടി. റെനീഷ് പറഞ്ഞു. ഇടതു നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയ കരാർ പിൻവലിക്കണമെന്നും ഇതിനെതിരെ ശക്തമായ സമരവുമായി മന്നോട്ട് പോകാനാണ് ബി.ജെ.പി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രതിഷേധ സമരം ഇന്ന് ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ഞെളിയൻ പറമ്പിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ മാർച്ച് ഇന്ന്. രാവിലെ പത്തിന് മേഡേൺ ടൗണിൽ നിന്നാരംഭിക്കുന്ന മാർച്ച് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |