കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച വേദസപ്താഹത്തിന് അഷ്ടാവധാനസേവയോടെ ശുഭപര്യവസാനം. വേദനാരായണന് എട്ട് തരത്തിലുള്ള സേവകൾ സമർപ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകൾ. മുറജപത്തിനും മുറഹോമത്തിനും നേതൃത്വം നൽകിയ വേദ പണ്ഡിതരായ കേശവ അവധാനി, ഭാനുപ്രകാശ് അവധാനി,മാധവ അവധാനി, സാകേത് റാം അവധാനി എന്നിവരാണ് വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം സേവ സമർപ്പിച്ചത്. ഗീതം എം.ആർ.വേദലക്ഷ്മി., നൃത്തം കുമാരി കൃഷ്ണഗീത, വാദ്യം കൃഷോഭും സംഘവും. രാവിലെ ഐന്ദ്രാവരുണീ ഇഷ്ടി, സർവൈശ്വര്യ ഹോമം എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സമാപന സമ്മേളനം എം. കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി വിവേക് . ഡി. ഷേണായ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആചാര്യ ശ്രീ രാജേഷ്, ക്ഷേത്ര സംരക്ഷണ സമിതി അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, പി. ടി. വിപിൻ ആര്യ, വിഷ്ണു ദത്ത് എന്നിവർ പ്രസംഗിച്ചു. വൈദിക പ്രചാരണ രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള 'കർമസമ്മാൻ പുരസ്‌കാരങ്ങൾ' ചടങ്ങിൽ വിതരണം ചെയ്തു. വേദം ആദ്യം മുതൽ അവസാനം വരെ പാരായണം ചെയ്യുന്ന മുറജപം, ജപമന്ത്രങ്ങൾ വിനിയോഗിച്ചുകൊണ്ട് ചെയ്യുന്ന മുറഹോമം, ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലുള്ള ജ്ഞാനയജ്ഞം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്ന വേദസപ്താഹം. എല്ലാ വർഷവും കർക്കടക്കത്തിൽ ഫൗണ്ടേഷൻ വേദസപ്താഹം സംഘടിപ്പിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |