പ്ലാന്റുകൾ വരിക അമൃത് പദ്ധതിയിൽ
കോഴിക്കോട്: കോതിയിലും ആവിക്കൽ തോടിലും സ്ഥാപിക്കാനിരുന്ന മലിനജല സംസ്കരണ പ്ലാന്റുകൾ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റ് മേഖലയിലേക്ക് മാറ്റാൻ തീരുമാനം. മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോർപ്പറേഷന്റെ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്. ഒറ്റ പദ്ധതിയായാണ് നടപ്പാക്കുക. വെസ്റ്റ്ഹില്ലിൽ നിർമിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌കരണകേന്ദ്രം ആവിക്കലിലേക്ക് മാറ്റാനും തീരുമാനമായി. കോതിയിലെയും ആവിക്കലിലെയും പദ്ധതിയെ എതിർത്ത യു.ഡി.എഫ് തീരുമാനത്തെ സ്വാഗതം ചെയ്തു. പദ്ധതി മാറ്റില്ലെന്നും കോതിയിലും ആവിക്കലിലും നടപ്പാക്കുമെന്നുമായിരുന്നു കോർപ്പറേഷൻ നിലപാട്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു.
തീരുമാനം അമൃത് കോർ കമ്മിറ്റി അംഗീകരിച്ചു. കൗൺസിൽ അംഗീകാരമായതോടെ വിഷയം ഉന്നതാധികാര സമിതി പരിഗണിക്കും.
പദ്ധതികളുടെ നെറ്റ് വർക്ക് പ്രവൃത്തിയുടെ കരാറെടുത്തിട്ടുള്ള അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്ട്രക്ചറിന്റെ കാലാവധി അവസാനിച്ചതാണ്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചാൽ ഈ കമ്പനിയ്ക്ക് തന്നെ അനുമതി നൽകും. പ്ലാന്റ് നിർമാണ കരാർ ഏറ്റെടുത്ത സീമാക്ക് ഒഴിവായ സാഹചര്യത്തിൽ പുതിയ പദ്ധതിരേഖ തയ്യാറാക്കാൻ ഡി.ബി.ഒ.ടി മാതൃകയിൽ ടെൻഡർ വിളിച്ച് ചെയ്യാനാണ് തീരുമാനം. ഡി.പി.ആർ തയ്യാറാക്കാൻ വാട്ടർ അതോറിറ്റിയെ ഏൽപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സരോവരത്ത് നിർമ്മിക്കാനിരിക്കുന്ന പദ്ധതി പൂർത്തിയാകാത്തതിനാലാണ് ബി.ഒ.ടി.യിലേക്ക് മാറാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ, കെ.സി.ശോഭിത, കെ.മൊയ്തീൻകോയ തുടങ്ങിയവർ പ്രസംഗിച്ചു.
പദ്ധതിത്തുക 133.16 കോടി
പ്ലാന്റ് മാറ്റം പോരാട്ടങ്ങളുടെ വിജയം: യു.ഡി.എഫ്
കോഴിക്കോട്: ആവിക്കൽ തോട്, കോതി എന്നീ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് എസ്.ടി.പി പ്ലാന്റ് മാറ്റി വെസ്റ്റ്ഹിൽ സ്ഥാപിക്കാൻ കോർപ്പറേഷൻ കൗൺസിൽ എടുത്ത തീരുമാനം കൗൺസിലിനു അകത്തും പുറത്തും യു.ഡി.എഫ് കൗൺസിലർമാർ സ്വീകരിച്ച നിലപാടിന്റെ വിജയമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം.
ഈ രണ്ട് പ്ലാന്റുകളും അനുയോജ്യമായ സ്ഥലത്തല്ല നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് യു.ഡി.എഫ് നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. പ്രദേശവാസികളെ അടിച്ചമർത്തിയും ബല പ്രയോഗത്തിലൂടെയും പദ്ധതി നടപ്പാക്കുന്നതിലല്ല അനുയോജ്യമായ മാറ്റത്തിലൂടെ പദ്ധതി നടപ്പാക്കുന്നതിലാണ് യഥാർത്ഥ ജനപക്ഷം പ്രകടിപ്പിക്കേണ്ടത് . ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലൂടെ ആവിക്കൽതോട് പ്രദേശത്ത് 316 പേർക്കും കോതിയിൽ 64 പേർക്കും എതിരെ കേസ് നിലനിൽക്കുന്നു. ഇത് പിൻവലിക്കണം. ആസൂത്രണം ചെയ്യുമ്പോൾ പദ്ധതികൾ ജനവിരുദ്ധമാകാതിരിക്കാൻകോർപ്പറേഷൻ ഭരണാധികൾ ഭാവിയിൽ ശ്രദ്ധിക്കണം. യോഗത്തിൽ യു.ഡി .എഫ് പാർട്ടി ലീഡർ കെ.സി. ശോഭിത അദ്ധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ കോയ, എസ്. കെ. അബൂബക്കർ , കവിത അരുൺ , കെ. റംലത്ത് അജീബ ഷമീൽ, കെ .പി രാജേഷ് കുമാർ ഡോ. പി. എൻ. അജിത, കെ. നിർമ്മല, മനോഹരൻ മാങ്ങാറിൽ, ഓമന മധു, ആയിഷബീ പാണ്ടികശാല, സാഹിദ സുലൈമാൻ, എൻ. പി. സൗഫിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |