കോഴിക്കോട്: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലേയും ശമനമില്ല. രാവിലെ മുതൽ വെെകീട്ട് വരെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും വൈകിട്ടോടെ ശക്തമായി. രാത്രിയിലും മഴ തുടർന്നു. നഗരത്തിൽ ചെറിയ ചാറ്റൽ മഴ മാത്രമാണ് രാവിലെ ഉണ്ടായിരുന്നത്. മലയോരത്ത് മഴ കനക്കുകയാണ്. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയും ചാലിയാറും പൂനൂർ പുഴയും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ട് ദുരിതത്തിലാണ്. നൂറുക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലും തുടരുകയാണ്.
ഗ്രാമപ്രദേശങ്ങൾ തീരാ ദുരിതത്തിൽ
പുഴകളിലെ നീരൊഴുക്കും ഡാം തുറന്നതിനെ തുടർന്നുള്ള കുത്തൊഴുക്കും മൂലം വെള്ളക്കെട്ടൊഴിയാതെ ഗ്രാമ പ്രദേശങ്ങൾ. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളും വീടും കെട്ടിടങ്ങളും വെള്ളക്കെട്ടിലാണ്. രാവിലെ മഴയുടെ ശക്തി കുറഞ്ഞതോടെ കുന്ദമംഗലം, ചാത്തമംഗലം, മാവൂരിന്റെ വിവിധ പ്രദേശങ്ങൾ, പാലാഴി, ചേളന്നൂർ, ഒളോപ്പാറ, പൂനൂർ തുടങ്ങി ഭാഗങ്ങളിലെയെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ വെെകീട്ട് പെയ്ത മഴയിൽ വീണ്ടും വെള്ളം കയറി. പൂനൂർ പുഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് വേങ്ങേരി, തണ്ണീർപന്തൽ, മാവിളിക്കടവ്, കണ്ണാടിക്കൽ, തടമ്പാട്ട് താഴം, കൂറ്റഞ്ചേരി ഭാഗങ്ങളിലെ ദുരിതം അവസാനിക്കുന്നില്ല. ഈ ഭാഗങ്ങളിലെ നിരവധി പേരാണ് ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം വെള്ളം കുറഞ്ഞതിനെ തുടർന്ന് വീടുകളിലേക്ക് തന്നെ തിരിച്ചു പോയിത്തുടങ്ങിയവർ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും റോഡുകളിലും കെട്ടിക്കിടക്കുന്ന ചെളി നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ വൃത്തിയാക്കുന്ന തിരക്കിലാണ്. മുമ്പ് വെള്ളം കയറിയപ്പോൾ വീട് ശുചീകരിച്ച് താമസം തുടങ്ങി ദിവസങ്ങൾക്കകമാണ് വീണ്ടും വെള്ളപ്പൊക്കദുരിതം നേരിടേണ്ടിവന്നത്. ഇതോടെ ദുരിതം ഇരട്ടിച്ചു. വെള്ളം കയറിയതോടെ വീട്ടുപകരണങ്ങളും ഫർണിച്ചറും ഉപയോഗിക്കാൻ പറ്റാതായി. വെള്ളം ഇരച്ചെത്തിയതോടെ പല വസ്തുക്കളും സുരക്ഷിതമായി മാറ്റാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഉയരത്തിൽ കയറ്റിവയ്ക്കാൻ കഴിയുന്നതെല്ലാം സുരക്ഷിതമായി മാറ്റിയെങ്കിലും വലിയ കട്ടിലും അലമാരകളും ഉൾപ്പടെയുള്ളവ വെള്ളത്തിൽ നശിച്ചു. പല റോഡുകളിലും വെള്ളക്കെട്ടുള്ളതിനാൽ ബസുകളെല്ലാം മറ്റു വഴികളിലൂടെയാണ് സർവീസ് ന
ടത്തുന്നത്. പലയിടത്തും തകരാറിലായ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു. മലയോര മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ് സർവീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിടിൽ സാദ്ധ്യതയേറെ
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്ന് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് കോഴിക്കോട് 310 ആളുകളെ മാറ്റി താമസിപ്പിച്ചു.താമരശേരി പൊന്നുംതോറമലയുടെ സമീപത്തു താമസിക്കുന്നവരെയാണ് മാറ്റി താമസിപ്പിച്ചത്. മലയുടെ മുകളിൽ ചെങ്കല്ല് ചെത്തിയ ഒരേക്കറോളം പ്രദേശത്ത് വലിയ അളവിൽ വെള്ളവും മണ്ണും കെട്ടി നിൽക്കുന്നതിനാലാണ് മാറ്റി താമസിപ്പിച്ചത്. ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിന് സമീപത്താണ് ചെങ്കൽക്വാറി പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് തഹസിൽദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
ഇന്നലെ വെെകീട്ട് വരെ ലഭിച്ച മഴ
കോഴിക്കോട് - 38.2 മില്ലിമീറ്റർ
കൊയിലാണ്ടി - 52.0 മില്ലിമീറ്റർ
വടകര - 102.0 മില്ലിമീറ്റർ
കുന്ദമംഗലം - 23.5 മില്ലിമീറ്റർ
80 ക്യാമ്പുകൾ ; 4033 പേർ
കോഴിക്കോട്: ജില്ലയിൽ 80 ക്യാമ്പുകളിലായി 4033 പേരാണുള്ളത്.
താമരശ്ശേരി താലൂക്കിലെ 14 ക്യാംപുകളിൽ 296 കുടുംബങ്ങളിൽ നിന്നായി 744 പേരും,
കൊയിലാണ്ടി താലൂക്കിലെ 13 ക്യാംപുകളിൽ 266 കുടുംബങ്ങളിൽ നിന്നായി 731 പേരും,
വടകര താലൂക്കിലെ 10 ക്യാംപുകളിൽ 350 കുടുംബങ്ങളിൽ നിന്നുള്ള 1288 പേരും,
കോഴിക്കോട് താലൂക്കിലെ 43 ക്യാംപുകളിൽ 572 കുടുംബങ്ങളിൽ നിന്നുള്ള 1718 പേരുമാണ് കഴിയുന്നത്.
കൊടുവള്ളി വലിയപറമ്പ് കിഴക്കോത്ത് വില്ലേജിലെ പൊന്നുംതോറമലയില് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു.കക്കാട് വില്ലേജ് കാരശ്ശേരി പഞ്ചായത്ത് പറ്റാർച്ചോല, വലിയ കുന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുന്നിൻ ചെരിവിലും, താഴെയുമുള്ള 16 കുടുംബങ്ങളെ ബന്ധു വീട്ടിലേക്കും, നാല് കുടുംബങ്ങളെ ആനയാകുന്ന് ഗവ. എൽപി സ്കൂളിലേക്കും മാറ്റിപ്പാർപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട്/വയനാട്: മഴ ശക്തമായി തുടരുന്നസാഹചര്യത്തിൽ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |