കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്കു പിന്നാലെ ഭാരതാംബ വിവാദവും കത്തിനിൽക്കെ ജില്ലയിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നേരെ യുവജന, വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമിരമ്പി. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെയും യുവമോർച്ച, ബി.ജെ.പി, എ.ബി.വി.പി പ്രവർത്തകർ ഭാരതാംബ വിഷയത്തിലും കരിങ്കൊടി വീശി. ഇതിനിടെ എസ്.എഫ്.ഐ ,യുവമോർച്ച പ്രവർത്തകർ ഏറ്റുമുട്ടിയത് തെരുവുയുദ്ധമായി. ബി.ജെ.പി മന്ത്രിയുടെ കോലം കത്തിച്ചു. ഭാരതാംബ വിവാദത്തിൽ പ്രതിഷേധം ഉറപ്പായതിനാൽ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷാ വർദ്ധിപ്പിച്ചിരുന്നു. 500 ഓളം പൊലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്.
പ്ലസ് വൺ സീറ്റിൽ കനത്ത പ്രതിഷേധം
കരിങ്കൊടി വീശി
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാത്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻക്കുട്ടിക്കു നേരെ കെ.എസ്.യു പ്രവർത്തകരാണ് ആദ്യം കരിങ്കൊടി കാണിച്ചത്. കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു പ്രതിഷേധം.
രാവിലെ 11 മണിയോടെ കനത്ത പൊലീസ് സംരക്ഷണത്തിൽ ഈസ്റ്റ് ഹില്ലിലെ ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കെഎസ്.യു പ്രവർത്തകർ ഓടിയെത്തി കരിങ്കൊടി കാട്ടുകയായിരുന്നു. പ്രതിഷേധ പ്ലകാർഡുമായി റോഡിൽ പ്രതിഷേധമുയർത്തിയ കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് ഉൾപ്പെടെ ഒമ്പത് പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. തളി സാമൂതിരി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ്പ്രവർത്തകരുടെ പ്രതിഷേധം. എ.ബി.വി.പി പ്രവർത്തകരാണെന്ന് തെറ്റിദ്ധരിച്ച് പരിസരത്തുണ്ടായ എസ്.എഫ്.ഐ പ്രവർത്തകർ ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്കുനേരെ തിരിഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ഉച്ചയ്ക്ക് ശേഷം ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയ മന്ത്രിയ്ക്ക് നേരെ വീണ്ടും എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മിഷാഹിര്‍ നടക്കാവ്, ആദില്‍ കെ.ടി എന്നിവരാണ് കരിങ്കൊടി കാണിച്ചത്.
ഭാരതാംബ വിവാദം: യുവമോർച്ച- എസ്.എഫ്.ഐ സംഘർഷം
എസ്.എഫ്.ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ജൂബിലി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാൻ മന്ത്രി വരുന്നതിനിടെ തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തടയാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തകരുമായി ഏറ്റുമുട്ടിയതോടെ സംഘർഷമായി. തടയാനെത്തിയ പൊലീസിനു നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പിന്നീട് ഇരുകൂട്ടരേയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഇതിനിടെ പൊലീസ് സാന്നിദ്ധ്യത്തിൽ യുവമോർച്ച പ്രവർത്തകർക്ക് മർദ്ദനമേറ്റതായി അറിഞ്ഞ് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബുവും ജനറൽ സെക്രട്ടറി ടി.വി ഉണ്ണികൃഷ്ണനും ഉൾപ്പെടെ പ്രവർത്തകർ സ്ഥലത്തെത്തി മന്ത്രിയുടെ കോലം കത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയ മന്ത്രിയ്ക്ക് നേരെ വീണ്ടും എ.ബി.വി.പി പ്രവർത്തകർ കരിങ്കൊടി വീശി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |