കോഴിക്കോട്: ദിനംപ്രതി ആയിരക്കണക്കിനാളുകൾ ചികിത്സക്കെത്തുന്ന ബീച്ച് ഗവ.ആശുപത്രിയിൽ ഒ.പി. ടിക്കെറ്റെടുക്കാൻ മാലിന്യകുളം താണ്ടണം. പലപ്പോഴും വരിനിൽക്കേണ്ടതും ചെളിക്കുണ്ടിൽ. പൊട്ടിപ്പൊളിഞ്ഞ് താറുമാറായ പാത മുഴുവൻ കുണ്ടും കുഴികളുമാണ്. ഒറ്റമഴക്ക് അത് ചെളിക്കുളമാവും. ഇത് താണ്ടിവേണം ഒ.പി. ടിക്കെറ്റെടുക്കാനും കുട്ടികളുടെ വിഭാഗത്തിലേക്കും റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കുമൊക്കെ പോവാൻ. ആശുപത്രിയുടെ സൂപ്രണ്ട് ഓഫീസിലേക്കും പോകാനുള്ളത് ഇതുവഴി. ആശുപത്രിയിലെത്തുന്നവർ നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതരാരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
കോഴിക്കോട് ജില്ലാ ആശുപത്രിയെന്ന പദവിയാണ് ബീച്ച് ഗവ.ആശുപത്രിക്ക്. തീരദേശമേഖലകളിൽ നിന്നും നഗരത്തിൽ നിന്നുമുള്ള രോഗികളുടെ പ്രധാന ആശാകേന്ദ്രം. സാധാരണഗതിയിൽ ദിവസം 1500ലേറപേർ ഒ.പി.ടിക്കറ്റെടുക്കുമ്പോൾ തിങ്കളാഴ്ചകളിൽ അത് 2000ത്തോളം വരും. അതിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായപ്പോൾ യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. വേറെയും പ്രതിഷേധങ്ങൾ അരങ്ങേറി. ഒടുക്കം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ ഫണ്ടുപയോഗിച്ച് റോഡ് ശരിയാക്കാൻ പി.ഡബ്ല്യൂ.ഡിയോട് ആവശ്യപ്പെട്ടു. എന്നാലിപ്പോൾ ആ ഫണ്ട് മെഡിക്കൽ കോളേജിലേക്ക് വകമാറ്റിയതായാണ് വിവരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജീവൻ ലാൽ പറഞ്ഞു.
ആശുപത്രിയിലെത്തുന്ന രോഗികൾ വലിയ പ്രയാസമാണ് പൊട്ടിത്തകർന്ന റോഡുണ്ടാക്കുന്നത്. നിലവിൽ വകയിരുത്തിയ ഫണ്ട് മാറിയിട്ടുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. എത്രയും പെട്ടന്ന് പുതിയ പദ്ധതിയുണ്ടാക്കി റോഡ് പൂർവസ്ഥിതിയിലാക്കും
ഡോ.ജീവൻ ലാൽ, ബീച്ച് ഗവ.ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |