കോഴിക്കോട്: വി.എസിന്റെ 94ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജനനതിയതിയുള്ള നോട്ടുകൾ പതിച്ച ഛായാചിത്രം സമ്മാനിച്ചതിന്റെ ഓർമ്മയിലാണ് കോഴിക്കോട് നടക്കാവ് സ്വദേശി കെ.എം. ലത്തീഫ്. വി.എസിന്റെ ജനനതിയതിയായ 20.10.23 എന്ന് തുടർച്ചയായി വരുന്ന നോട്ടുകളാണ് വി.എസിനോളം വലിപ്പമുള്ള ഛായാചിത്രത്തിൽ പതിച്ച് 2017ൽ നൽകിയത്. സുഹൃത്താണ് ഛായാചിത്രം വരച്ചുനൽകിയത്. വി.എസിന്റെ ജനനതിയതിയുള്ള നോട്ടുകൾ കിട്ടാൻ വർഷങ്ങൾ പ്രയത്നിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കലുള്ള നോട്ടുകൾ പരിശോധിച്ചു. ഇതിനായി ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തു.
ദുബൈയിൽ ബിസിനസ് ചെയ്യുകയായിരുന്ന ലത്തീഫ്, വി.എസിന്റെ ജന്മദിനത്തിൽ തന്നെ നോട്ടുകൾ സമ്മാനിക്കാനായി നാട്ടിലെത്തുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തി നൽകിയത്. വി.എസിനോളം പൊക്കമുള്ളതായിരുന്നു ഛായാചിത്രം. ഓരോ കറൻസിയും വി.എസ്. കൗതുകത്തോടെ നോക്കി. അഭിനന്ദിച്ച് ലത്തീഫിന് കത്തയക്കുകയും ചെയ്തു. ആ കത്ത് ഇന്നും അപൂർവനിധി പോലെ സൂക്ഷിക്കുകയാണ് ലത്തീഫ്. ലത്തീഫിന്റെ ശേഖരത്തിലെ അപൂർവ നാണയങ്ങളും കറൻസികളും വി.എസിന് നേരിട്ട് കാണിക്കാനും ലത്തീഫിന് കഴിഞ്ഞു. സമാന രീതിയിൽ മറ്റു പലർക്കും ലത്തീഫ് സമ്മാനം നൽകിയിട്ടുണ്ടെങ്കിലും ഇത്രയും പൊക്കമുള്ളത് വി.എസിന് മാത്രമാണ് നൽകിയത്.
ഏറെ ക്ളേശിച്ചാണ് ഇത്തരമൊരു ഛായാചിത്രം ഒരുക്കിയതെന്ന് ഞാൻ മനസിലാക്കുന്നു. താങ്കളുടെ ഇത്തരം സംരംഭങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ കഴിയട്ടെ.
-ലത്തീഫിന് അയച്ച കത്തിൽ വി.എസ് കുറിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |