SignIn
Kerala Kaumudi Online
Monday, 28 July 2025 10.17 AM IST

കൊടുക്കൽ വാങ്ങലിന്റെ 'മഹാ വിനിമയം' 

Increase Font Size Decrease Font Size Print Page
usharani
ഡോ.ഉഷാറാണി പി

മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദികളും കഥാപാത്രങ്ങളായി വന്ന് സ്വത്വവിശുദ്ധി തെളിയിക്കുന്ന രാമായണകാവ്യം ഭാരതസംസ്കാരത്തിന്റെ മഹിമയെ തിളക്കമുള്ളതാക്കുന്നു. രാമലക്ഷ്മണന്മാരുടെ ഹനുമാനും സുഗ്രീവനുമായുള്ള സഖ്യം രാമായണത്തിലെ ദിവ്യ മുഹൂർത്തമാണ്. സീതാന്വേഷണാർത്ഥം ശ്രീരാമാനുജന്മാർ ബാലികേറാമലയായ ഋശ്യമൂകത്തിന് അടുത്തെത്തുന്നു. പത്നീവിരഹത്തിനുമേൽ കരയുകയും പറയുകയും ചെയ്തണയുന്ന രഘുവരനെക്കണ്ട് സുഗ്രീവൻ ഭയക്കുന്നു. തന്നെ കൊല്ലാൻ അഗ്രജനായ ബാലി പറഞ്ഞയച്ചതാകും ഇവരെയെന്ന് ധരിച്ച് മന്ത്രിയായ മാരുതിയോട് വിപ്രവേഷത്തിൽ ചെന്ന് അവർ ആരാണെന്നറിയാൻ ആജ്ഞാപിക്കുന്നു. ശത്രുക്കളാണെങ്കിൽ കെെകളാൽ ആംഗ്യം കൊണ്ടും അല്ലെങ്കിൽ മുഖപ്രസാദത്തോടെ പുഞ്ചിരിച്ചും തനിക്ക് അറിവുതരാനും ചട്ടംകെട്ടുന്നു. ഹനുമാന്റെ ശ്രീരാമസംഗം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ബ്രഹ്മചാരീവേഷത്തിൽ ചെന്ന് നമസ്കരിച്ച് അന്വേഷണം നടത്തുന്ന ഹനുമാനെക്കുറിച്ച്,
''പശ്യ സഖേ! വടുരൂപിണം ലക്ഷ്മണ!
നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം" എന്നാണു രാമൻ ലക്ഷ്മണനോടു പറയുന്നത്. അതിന് ആധാരമാകട്ടെ അംഗജനെ ജയിച്ച കാന്തിപൂണ്ടവർ, ദിക്കുകളെ ശോഭിപ്പിക്കുന്ന അർക്കനിശാകരന്മാർ, നരനാരായണർ എന്നിങ്ങനെ ആഞ്ജനേയൻ്റെ അവർക്കുനേരെയുള്ള വിശേഷണങ്ങളും.
അപരിചിതരും കാഴ്ചയ്ക്ക് അന്തസുറ്റവരുമായ അതിഥികളെ എങ്ങനെയാണു സമീപിക്കേണ്ടതെന്നും സ്വീകരിക്കേണ്ടതെന്നുമുള്ള ഔപചാരികതയുടെ സന്ദർഭമാണിത്. ആദ്യകാഴ്ചയിൽ ഉയിർക്കുന്ന പ്രണയം പോലെ ഇവിടെ സൗഹാർദ്ദം ഉടലെടുക്കുന്നു. ആദരവേകിവാങ്ങുന്ന മഹാവിനിമയം. ഇന്ന് ഇല്ലാതാവുകയോ നാമമാത്രമായി തുടരുകയോ ചെയ്യുന്ന കറകളഞ്ഞ സ്നേഹബഹുമാനങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ ഈ ഇതിഹാസകാവ്യം പുതിയ മാനങ്ങൾ ചമയ്ക്കുന്നു.

സൗഹൃദം; സ്നേഹപൂർവമുള്ള ദാസ്യം

'നീയാരെടോസഖേ' എന്ന് വാനരനോട് പ്രഥമദർശനത്തിൽ ആരായുന്ന ശ്രീരാമൻ, ജാതിയുടെയും നിറത്തിന്റെയും പേരിൽ പരസ്യമായി ശാരീരിക, മാനസിക പീഡനങ്ങൾ അരങ്ങേറുന്ന ആധുനികഭാരതത്തിന് ഒരപവാദം തന്നെ. സുഗ്രീവനാകിയ വാനരേന്ദ്രൻ്റെ ഭൃത്യനും കപിയുമായ വായുതനയനാണു താനെന്നു പരിചയപ്പെടുത്തി, സഖ്യത്തിലേക്കു രാമനെ നയിച്ച്, അതു നിലനിൽക്കാൻ ആവോളം വേല ചെയ്യാമെന്നരുളി യഥാർത്ഥ രൂപത്തിലായി ഇരുവരെയും തോളിലേറ്റി യാത്രചെയ്യുന്ന ഹനുമാൻ, സൗഹൃദമെന്നാൽ സ്നേഹപൂർവമുള്ള ദാസ്യമാണെന്നുകൂടി കാട്ടിത്തരുന്നു; ദാസ്യമാകട്ടെ വിട്ടുവീഴ്ചയിൽ നിന്ന് ഉരുത്തിരിയുന്നതും.
'സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ
നിഗ്രഹിക്കാമിരുവർക്കുമരികളെ' എന്നുണർത്തി സ്നേഹമെന്നാൽ പാരസ്പര്യമാണെന്നും വെളിവാക്കുന്നു. തുടർന്ന്, ഹനുമാൻതന്നെ അഗ്നി ജ്വലിപ്പിച്ച് ശുഭമായ ലഗ്നത്തിൽ സുഗ്രീവരാമന്മാരെ സഖ്യം ചെയ്യിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ഇച്ഛാഭംഗത്തിനാൽ ആൺപെൺഭേദമില്ലാതെ സുഹൃത്തിനെ കുരുതികൊടുക്കുന്ന ഇക്കാലത്ത് രാമായണത്തിലെ ഈ പ്രതിപാദ്യം ഏറെ പ്രസക്തമാണ്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.