@ടെൻഡർ ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്ക്
കോഴിക്കോട്: ആറുവരിയാക്കി നവീകരിച്ച ദേശീയപാത 66ൽ രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള 29 കിലോമീറ്ററിൽ ടോൾപിരിവ് ഒക്ടോ. 10ന് ശേഷം തുടങ്ങും. ട്രയൽ റൺ ഈ മാസം 28ന് നടക്കും. പന്തീരങ്കാവ് കൂടത്തും പാറയിലാണ് ടോൾ പ്ലാസ സ്ഥാപിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് ഇരുഭാഗത്തേക്കുമായി അഞ്ച് വഴിയാണ് സജ്ജമാക്കിയിട്ടുള്ളത്. തലശ്ശേരി മുതൽ മാഹി വരെയുള്ള ഭാഗവും ടോൾ പിരിവിന് സജ്ജമായി. കരാറുകാർക്ക് പ്രവൃത്തിപൂർത്തീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉടൻ നൽകും. രാമനാട്ടുകര- വെങ്ങളം ദേശീയപാത പ്രവൃത്തി പൂർത്തിയായെങ്കിലും വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.
#ടോൾ ട്രയൽ എന്തിന്
ഫാസ്റ്റ്‌ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താനാണ് ട്രയൽ റൺ നടത്തുന്നത്. ഫാസ്റ്റ് ടാഗ് ആക്ടിവേറ്റായിട്ടുണ്ട്. ഫാസ്റ്റ്‌ടാഗിന് ഒരുവർഷത്തേക്ക് മൂവായിരം രൂപയാണ്. അതുപയോഗിച്ച് 200 ട്രിപ്പുകൾ നടത്താം. ടോൾ ബൂത്തിൻറെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കുള്ള 300 രൂപയുടെ പാസ് വിതരണം ഒക്ടോബർ മാസം അവസാനത്തോടെയെ ഉണ്ടാകൂ. ഏതാണ്ട് കോഴിക്കോട് നഗരത്തിൻറെ പരിധിയിലുള്ള എല്ലാവർക്കും 300 രൂപയുടെ ടോൾ പാസ് ലഭിക്കും. അതിനുള്ള രേഖകൾ സമർപ്പിക്കണം.
@ആധുനിക സജ്ജീകരണമുള്ള ടോൾപ്ലാസ
.24 മണിക്കൂർ മെഡിക്കൽ സേവനം
.രണ്ട് ആംബുലൻസുകൾ സജ്ജം
.അടിയന്തര വിശ്രമമുറികൾ
.അപകടം നടന്നാൽ 1033ൽ വിളിക്കാം
.വാഹനങ്ങൾ തകരാറിലായാൽ ടെക്നീഷ്യനും രണ്ട് വാഹനങ്ങളും
.16 ടോയ്ലെറ്റുകൾ
.വാഹന പാർക്കിംഗ്
.ക്യാമറകൾ നിരീക്ഷിക്കാൻ കൺട്രോൾ റൂം
.അപകടമുണ്ടായാൽ മൊബൈൽ ആപ്പിൽ അലർട്ട്
.
@വേഗത കൂടിയാൽ
പിഴ മൊബൈലിൽ
80,100 ആണ് മൂന്നു ട്രാക്കിലായി അനുവദിച്ച വേഗം. വേഗത കൂടിയാൽ സ്ക്രീനിൽ കാണുകയും പിഴയടയ്ക്കാനുള്ള ചലാൻ മൊബൈലിൽ എത്തുകയും ചെയ്യും. മൊകവൂരിലാണ് സ്ക്രീനുള്ളത്. അതിവേഗമാണെങ്കിൽ ചുവപ്പും അല്ലെങ്കിൽ പച്ചയും കത്തും.
@സർവീസ് റോഡ്
പുരോഗമിക്കുന്നു
ദേശീയപാതയിൽ രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള ഭാഗത്തെ സർവീസ് റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
മലാപ്പറമ്പ് ജംഗ്ഷൻ, നെല്ലിക്കോട് , ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് സർവീസ് റോഡ് നിർമ്മാണം പൂർത്തിയാവാനുള്ളത്.
@ബൈക്കിനും ഓട്ടോയ്ക്കും 'റെഡ് സിഗ്നൽ '
ദേശീയപാത പൂർണസജ്ജമായാൽ ബൈക്കും ഓട്ടോറിക്ഷയും സർവീസ് റോഡിലൂടെ സർവീസ് നടത്തേണ്ടി വരും. ദേശീയപാത നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ ഈ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച് കഴിഞ്ഞു. സർവീസ് റോഡ് ഇല്ലാത്ത ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ ബൈക്കുകളും ഓട്ടോറിക്ഷകളും കടത്തിവിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |