കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിന് രക്ഷിതാക്കൾക്ക് കൂട്ടാകാൻ ഇനി 'സഹമിത്ര' എത്തും. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ 'സഹമിത്ര' മൊബൈൽ ആപ്പിന് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് അംഗീകാരം നൽകി.
സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് പദ്ധതിക്ക് കീഴിൽ ഈ സംരംഭത്തിനായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്.
രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചെയ്യാനുള്ള തെറാപ്പികളെ കുറിച്ചുള്ള വിവരങ്ങൾ, അവയുടെ വീഡിയോകൾ, തെറാപ്പി പുരോഗതി വിലയിരുത്താനുള്ള ടൂളുകൾ എന്നിവ ആപ്പിൽ ലഭ്യമാക്കും. തെറാപ്പിസ്റ്റുകൾ, ഡോക്ടർമാർ, കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഇതിൽ ലഭിക്കും. ആപ്പ് വരുന്നതോടെ ഭിന്നശേഷിക്കാർക്ക് ഇടക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാം. അതുവഴി പണവും അദ്ധ്വാനവും സമയവും ലാഭിക്കാം. 40 ലക്ഷം രൂപയാണ് ആപ്പ് വികസിപ്പിക്കാൻ അനുവദിച്ചിരിക്കുന്നത്.
സവിശേഷതകൾ
വ്യക്തിഗത തെറാപ്പി ഷെഡ്യൂളുകളും ഓർമ്മപ്പെടുത്തലുകളും.
ഡോക്ടർമാരുമായും തെറാപ്പിസ്റ്റുകളുമായും നേരിട്ട് ആശയവിനിമയം.
അടുത്തുള്ള ആശുപത്രി സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
കുട്ടിയുടെ പുരോഗതി മാതാപിതാക്കൾക്ക് ലഭ്യമാക്കാൻ സൗകര്യം
തെറാപ്പി പ്ലാനുകൾ പുതുക്കുന്നതിനുള്ള സംവിധാനം
പരിശീലനങ്ങളും മറ്റുമുള്ള ആക്ടിവിറ്റി ലൈബ്രറി
വിവിധ ഭാഷകളിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയുള്ള രൂപകൽപ്പന
ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധരുടെ സേവനങ്ങൾ കുടുംബങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഈ ആപ്പ് സഹായിക്കും. ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്ഥിരവും ലളിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
-സ്നേഹിൽ കുമാർ സിംഗ്
ജില്ല കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |