കോഴിക്കോട്: പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് ഏറ്റവും അവസാനത്തുള്ള കോഴിക്കോട് ജില്ലയെ മുന്നിലെത്തിക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്ത്. ചരിത്രത്തിലാദ്യമായി ഭരണം നേടിയ യു.ഡി.എഫ് ഭരണ സമിതിയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്. പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ എതിർപ്പുകളൊന്നും കൂടാതെ വിശദമായ ചർച്ചയോടു കൂടി അജണ്ട പാസാക്കി. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 അവലോകനം സംബന്ധിച്ച അജണ്ടയിലാണ് തീരുമാനം.പദ്ധതി നടത്തിപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട് അംഗങ്ങൾ ചോദ്യം ഉന്നയിച്ചു. വിവിധ മേഖലയുമായി ബന്ധപ്പെട്ട് പദ്ധതികളുടെ പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ കാരണമെന്തെന്നും അവ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേ സമയം വിവരങ്ങൾ ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരെ ശകാരിക്കുകയും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. പദ്ധതി നിർവഹണം ഊർജിതമാക്കാൻ എല്ലാ അംഗങ്ങളും അവരുടെ ഡിവിഷനിൽ ശ്രദ്ധിക്കണമെന്നും പദ്ധതികളുടെ അവലോകനം സംബന്ധിച്ച പട്ടിക വരുന്ന ചൊവ്വാഴ്ചക്കകം നൽകാനും ഏതെല്ലാം മേഖലയിലാണ് പിറകിൽ എന്ന് കണ്ടെത്തി നിർവഹണ ഉദ്യോഗസ്ഥരെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനും തീരുമാനമായി. വില്യാപ്പള്ളിയിലെ വനിത ഹോസ്റ്റലിലേക്ക് കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്രം സന്ദർശിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ കാർ ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഭരണസമിതി അനുമതി നൽകി. യോഗത്തിൽ അഞ്ച് അജണ്ടകളാണ് പാസാക്കിയത്.
ജൽജീവൻ മിഷൻ പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ പുതുക്കിപ്പണിയണമെന്ന്
കോഴിക്കോട്: ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടുന്നതിനായി കുഴിച്ച റോഡുകൾ പുതുക്കിപ്പണിയണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനുള്ള ഫണ്ട് ജനുവരി ആദ്യവാരം ലഭ്യമാകുമെന്ന് യോഗത്തിൽ അറിയിച്ചു. ജില്ലയിലാകെ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ കളക്ടർ പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യമുയർന്നു. രണ്ട് മാസം കൊണ്ട് ജില്ലയിലെ വികസന പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും ഇതിനായി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഉണ്ടാവണമെന്നും അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പിന്റെ പൈപ്പുകൾ പൊട്ടുന്നത് ജില്ലയിലാകെയുള്ള പ്രശ്നമാണെന്നും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി വേണമെന്നും ഇ.കെ വിജയൻ എം.എൽ.എ ആവശ്യപ്പെട്ടു. കായിക വകുപ്പുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ പ്രവൃത്തികൾ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നടക്കുന്നുണ്ടെന്നും മന്ദഗതിയിൽ നടക്കുന്ന പ്രവൃത്തികൾ കളക്ടർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകളിലെ കുഴികൾ അടക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർദേശിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നടന്നുവരുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അറിയിച്ചു. നവകേരള സദസ് പ്രവൃത്തികളുടെ അവലോകനവും യോഗത്തിൽ നടന്നു. 23 പദ്ധതികൾക്കും ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും 16 പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |