കോഴിക്കോട്: പൊടിശല്യത്തിൽ വലഞ്ഞ് നാടും നരഗവും. ദേശീയപാതയിലും മറ്റും പണി നടക്കുന്നതിനാൽ യാത്രക്കാരെല്ലാം പൊടിയിൽ കുളിക്കുകയാണ്. ദേശീയപാതയിലെ പണിക്കായി മണ്ണും മണലും മറ്റ് സാധനങ്ങളും കൊണ്ടുവരുന്ന ടിപ്പർ ലോറികൾ ഉൾനാടൻ റോഡുകളിലൂടെ നിരന്തരം ഓടുന്നതിനാൽ ഇവിടങ്ങളിലും റോഡുകൾ തകർന്നിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിൻറെ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലും പൊടിപാറുകയാണ്. ഇരുചക്രവാഹനക്കാരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും മാസ്ക്ക് ധരിച്ചാണ് ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നത്.
ഒട്ടും ക്ലിയറല്ല ദേശീയപാത
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയപാത നിർമ്മാണത്തെ നാല് റീച്ചുകളാക്കിയാണ് തരംതിരിച്ചിരിക്കുന്നത്. മൂന്ന് റീച്ചുകളുടെയും പ്രവൃത്തി 2025 ഡിസംബറോടെയും നാലാമത്തെ റീച്ചായ അഴിയൂർ മുതൽ നാദാപുരം റോഡുവരെയുള്ള ഭാഗം 2026 മാർച്ച് അവസാനവും തീരുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ ഒരു റീച്ച് പോലും പൂർണമായി വാഹനഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. പയ്യോളി ടൗണിൽ മേൽപ്പാതയുടെ ഉൾപ്പെടെ പണി നടക്കുകയാണ്. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കുന്ന്യോറമല ഭാഗത്ത് മണ്ണിടിച്ചിലുണ്ടാവുന്നതിനാൽ പണിയിൽ കാര്യമായ പുരോഗതിയില്ല. ചെങ്ങോട്ടുകാവ് മുതൽ തിരുവങ്ങൂർ വരെയുള്ള ഭാഗത്ത് പല സ്ഥലത്തും പണി നടക്കുകയാണ്. ഈ ഭാഗത്ത് വലിയ ഗതാഗത സ്തംഭനവുമുണ്ട്.
പൊടിയും മഞ്ഞും പിന്നെ പനിയും
പൊടിയും മഞ്ഞും കൂടെ പനിയും പിടിപെടുന്ന കാലമാണിത്. പൊടിയും മഞ്ഞും കാരണമാണ് കൂടുതൽ പേർക്കും പനി വരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രാവിലെയും അർധരാത്രിയും പുറത്തിറങ്ങുന്നവർ മഞ്ഞുകൊള്ളാതിരിക്കാൻ തൊപ്പിയോ മങ്കി ക്യാപ് പോലുള്ള പ്രതിരോധ മാർഗങ്ങളോ സ്വീകരിക്കണം. റോഡിൽ പൊടിയുള്ളതിനാൽ മാസ്ക്ക് ധരിക്കുന്നതാവും നല്ലതെന്നും ഡോക്ടർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |