കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി. നികുതികാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനമാണ് നേടിയത്. ഒമ്പതംഗ സമിതിയിൽ നാലുവീതം അംഗങ്ങളാണ് യു.ഡി.എഫിനും ബി.ജെ.പിയ്ക്കുമുണ്ടായിരുന്നത്. എൽ.ഡി.എഫിന് ഒരു കൗൺസിലറും. യു.ഡി.എഫിൽ നിന്ന് കെ.സരിതയും ബിജെപിയിൽ നിന്ന് വിനീത സജീവനുമാണ് നികുതികാര്യ സ്ഥിരംസമിതിയിലേക്ക് മത്സരിച്ചത്. എൽ.ഡി.എഫ് അംഗം വിട്ടുനിന്നതോടെ ഇരു മുന്നണിയും നാലുവീതം വോട്ട് നേടിയതോടെ നടന്ന നറുക്കെടുപ്പിലാണ് അദ്ധ്യക്ഷ സ്ഥാനം ബി.ജെ.പിയ്ക്ക് ലഭിച്ചത്. തുടർന്ന് ബി.ജെ.പി കൗൺസിലർ വിനീത സജീവൻ അദ്ധ്യക്ഷയായി. നികുതികാര്യ സ്ഥിരംസമിതി ബി.ജെ.പിയ്ക്ക് നൽകിയതിന് പിന്നിൽ സി.പി.എമ്മാണെന്നും വോട്ടെടുപ്പിൽ നിന്ന് മനഃപൂർവ്വം വിട്ടു നിന്ന് ബി.ജെ.പിയെ വിജയിപ്പിച്ചതാണെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ആരോപിച്ചു.
ആകെ എട്ട് സ്ഥിരംസമിതി അദ്ധ്യക്ഷരിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ഓരോന്നുവീതവും ലഭിച്ചു. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യു.ഡി.എഫിന് ലഭിക്കുന്നത്. കവിത അരുണാണ് അദ്ധ്യക്ഷ. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷനായി ബേപ്പൂർ പോർട്ടിൽ നിന്ന് വിജയിച്ച കെ. രാജീവ്, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനായി എരഞ്ഞിക്കലിൽ നിന്നുള്ള വി.പി മനോജ്, നഗരാസൂത്രണം സ്ഥിരംസമിതി അദ്ധ്യക്ഷനായി ചെറുവണ്ണൂർ ഈസ്റ്റിൽ നിന്നുള്ള സി. സന്ദേശ്, മരാമത്ത് സമിതി അദ്ധ്യക്ഷയായി കുറ്റിയിൽ താഴം വാർഡിൽ നിന്നുള്ള സുജാത കൂടത്തിങ്കൽ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി പാളയം വാർഡിൽ നിന്ന് ജയിച്ച സാറ ജാഫർ എന്നിവരെ തിരഞ്ഞെടുത്തു. എൽ.ഡി.എഫിന് ലഭിച്ച ആറ് സ്ഥാനങ്ങളിൽ അഞ്ച് എണ്ണം സിപിഎമ്മിനും ഒരെണ്ണം സി.പി.ഐയ്ക്കുമാണ്. എൽ.ഡി.എഫ് 35, യു.ഡി.എഫ് 28, എൻ.ഡി.എ 13 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക്
ബി.ജെ.പിയ്ക്ക് ഗുണമായി: മേയർ
കോഴിക്കോട്: കോർപ്പറേഷൻ സ്ഥിരംസമിതിയിലെ നികുതി അപ്പീൽ സമിതി അദ്ധ്യക്ഷ പദവി തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കാൻ കാരണം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് മേയർ ഒ. സദാശിവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് ആസൂത്രണം ചെയ്ത ആറ് സ്ഥിരം സമിതികളും ജയിച്ചു. കോൺഗ്രസിലെ ഒരു വിഭാഗം സഖ്യം ചേർന്നുവെന്നും മേയർ ആരോപിച്ചു. സമിതികളിൽ മത്സരിക്കേണ്ടവരുടെ എണ്ണം തോന്നിയ പോലെ നിശ്ചയിച്ചും യാഥാർത്ഥ്യബോധമില്ലാതെ മുൻഗണനാ വോട്ടുകൾ നൽകിയുമാണ് കോൺഗ്രസ് ബി.ജെ.പിയെ ജയിപ്പിച്ചത്.
ബി.ജെ.പി, സി.പി.എം ഒത്തുകളി: യു.ഡി.എഫ്
കോഴിക്കോട്: സി.പി.എം ഒത്തുകളിയുടെ ഭാഗമായാണ് ബി.ജെ.പിയ്ക്ക് സ്റ്റാൻഡിംഗ ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കോഴിക്കോട് ജില്ലാ കമ്മിറ്റിയിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. വാർത്താ സമ്മേളനത്തിൽ ലീഗ് ജില്ല പ്രസിഡന്റ് റസാക്ക് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, സെക്രട്ടറി കുഞ്ഞാമുട്ടി, ഷമീൽ തങ്ങൾ, കെ.പി.സി.സി. ജനറൽ സെക്രട്ടജി പി.എം. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |