സ്കൂൾ തുറക്കാൻ മൂന്നാഴ്ച; പാഠപുസ്തകമെവിടെ?
കോഴിക്കോട്: സ്കൂൾ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങൾ കുഞ്ഞു കെെകളിലെത്തുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ അവധിക്കാലം കഴിയാൻ ഇനി ആഴ്ചകളേയുള്ളൂ. പാഠപുസ്തക വിതരണം പകുതി പോലും ജില്ലയിൽ പൂർത്തിയായിട്ടില്ല. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലേക്കുള്ള വിതരണത്തിനായി 24,18.036 പാഠപുസ്തകങ്ങൾ ജില്ലയിലെത്തിയിട്ടുണ്ട്. ഇതിൽ 23,19,610 എണ്ണം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. 38,56,689പാഠപുസ്തകങ്ങളാണ് ഇത്തവണ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യാൻ വേണ്ടത്.
കഴിഞ്ഞ വർഷത്തേക്കാൾ കുറവ് പുസ്തകങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 41,68,803 പുസ്തകങ്ങളാണ് കഴിഞ്ഞ വർഷം ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്.
മെല്ലപ്പോക്ക്
ഫെബ്രുവരി ആദ്യവാരം തന്നെ ജില്ലയിലെ 333 സൊസൈറ്റികൾ വഴി പാഠപുസ്തക വിതരണം ആരംഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വന്നതും പുതിയ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതും വിതരണത്തെ സാരമായി ബാധിച്ചു. കടലാസ് ക്ഷാമം മൂലം പാഠപുസ്തക അച്ചടി പൂർത്തിയാകാത്തതും പ്രതിസന്ധി ഇരട്ടിപ്പിച്ചു. നിലവിൽ ആവശ്യത്തിന് ലോഡെത്താത്തതിനാൽ പുസ്തകവിതരണം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയം പാഠപുസ്തക വിതരണം 80 ശതമാനം പൂർത്തിയായിരുന്നു. നിലവിൽ 50 ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും വെെകുകയാണ്.
ഒന്നു മുതൽ പത്തു വരെ
ഒന്നു മുതൽ 10ാം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ആറ്, ഏഴ് ക്സാസുകളിലെ പുസ്തകങ്ങൾ വളരെ കുറച്ച് മാത്രമാണ് വിതരണം ചെയ്യാനെത്തിയിട്ടുള്ളത്. ജില്ലാ കേന്ദ്രമായ വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാട്ടേഴ്സ് ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് അയക്കുന്നത്. ജില്ലയിൽ ആകെ 60,05,765 ലക്ഷം പുസ്തകങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുക. 64,94,380 ലക്ഷം പുസ്തകങ്ങളാണ് കഴിഞ്ഞ വർഷം വിതരണം ചെയ്തത്.
ആകെ വിതരണം ചെയ്യുന്ന പുസ്തകങ്ങൾ - 60,05765 ലക്ഷം
ആദ്യഘട്ടത്തിൽ - 38,56,689 ലക്ഷം
ഡിപ്പോയിൽ എത്തിയത്- 24,18036
വിതരണം ചെയ്തത്- 23,19610
ബാക്കിയുള്ളത്..........98426
രണ്ടാം ഘട്ടത്തിൽ- 21,49076 ലക്ഷം