പി.എ മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ് മണിക്കൂറുകൾ സംഘർഷഭരിതം
കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായിവിജയനെയും മകൾ വീണ വിജയനെയും കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ പി.എ.മുഹമ്മദ് റിയാസ് എം.എൽ.എയുടെ കോഴിക്കോട്ടെ വീടിന് മുമ്പിലും സംഘർഷാവസ്ഥ. പുലർച്ചെ മുതൽ ഇഡി.റെയ്ഡ് തുടങ്ങിയതോടെ സി.പി.എം പ്രവർത്തകരും നേതാക്കളും കോഴിക്കോട് കോട്ടൂളിയിലെ ഗ്രേസ് വീട്ടിന് മുമ്പിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രകടനമായെത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വീടിന്റെ ഗേറ്റിന് മുമ്പിൽ തടഞ്ഞു. അതോടെ ഉന്തും തള്ളുമായി. വിവരം തിരക്കാനെത്തിയ അഡ്വ.സി.എം.ജഷീറിനേയും അകത്ത് കടക്കാനനുവദിച്ചില്ല. അതോടെ പ്രവർത്തകരും നേതാക്കളും കൂടുതൽ ക്ഷുഭിതരായി. തുടർന്ന് റോഡും പരിസരവുമെല്ലാം സംഘർഷഭരിതമായി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഇഡി അസി. ഡയറക്ടർ ധർമ്മേന്ദ്ര ചൗഹാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ 7.10 ഓടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറോളം നീണ്ടു. സി.ആർ.പി.എഫ് അകമ്പടിയോടെയായിരുന്നു ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. റിയാസിന്റെ പിതാവ് പി.എ അബ്ദുൽ ഖാദറും ഭാര്യ ആയിഷാബിയും മകനും സഹോദരി പുത്രിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൽപോലും സംഘം അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയശേഷം ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുത്ത് സംഘം പോയപ്പോഴാണ് ഭക്ഷണംപോലും കഴിക്കാനായതെന്ന് വീട്ടുകാർ പറഞ്ഞു. ഇരുനില വീടിന്റെ അഞ്ച് മുറികളും ഹാളും കിച്ചണും ഉൾപ്പെടെ ഇഡി സംഘം പരിശോധിച്ചു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ), എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെക്കുറിച്ചും റിയാസിനും ഭാര്യ വീണയ്ക്കുമുള്ള പങ്കിനെക്കുറിച്ചും ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും അതേക്കുറിച്ച് അറിയില്ലെന്ന് പിതാവ് അറിയിച്ചു. മണിക്കൂറോളം നീണ്ട പരിശോധന ഉച്ചയ്ക്ക് രണ്ടോടെ പൂർത്തിയാക്കിയ ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയത്.
സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി.മോഹനൻ, എ.പ്രദീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പുറത്തെ പ്രതിഷേധം.
@ ഇഡി വാൾ കാണിച്ചൊന്നും പാർട്ടിയെ
തകർക്കാനാവില്ല: എം.മെഹ്ബൂബ് കോഴിക്കോട്: സംഘപരിവാറും കേരളത്തിലെ കോൺഗ്രസും ഒത്താശചെയ്ത് നടത്തുന്ന ഇ.ഡി.റെയ്ഡ് കൊണ്ടൊന്നും കേരളത്തിലെ പാർട്ടിയെ തകർക്കാനാവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്. കേരളത്തിലെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് പിണറായി വിജയനെ അതാത് കാലങ്ങളിൽ ഭരിക്കുന്ന കേന്ദ്ര സർക്കാരുകൾ വേട്ടയാടാൻ തുടങ്ങിയിട്ട് കാലം കുറേയായി. അവരുടെ ലക്ഷ്യം കേരളത്തിലെ പാർട്ടിയാണ്. ഈ പാർട്ടി ഇവിടുള്ള കാലത്തോളം കേരളത്തിൽ വേരുറപ്പിക്കാനാവില്ലെന്ന് ബോദ്ധ്യമുള്ളതിനാലാണ് ഇത്തരം റെയ്ഡുകളും ഭിഷണികളും നടത്തുന്നത്. അത് കോഴിക്കോട്ടും കേരളത്തിലും വിലപ്പോവില്ലെന്ന് മെഹ്ബൂബ് പറഞ്ഞു.