ഡെയിഞ്ചർ ഡെങ്കി , ഉറവിട നശീകരണത്തിന് ആരോഗ്യവകുപ്പ്
10 ദിവസത്തനിടെ 61 പോസിറ്റീവ് കേസുകൾ
കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ 10 ദിവസത്തിനിടെ ഡെങ്കിപ്പനി സംശയിക്കുന്ന 158 പേരാണ് ഗവ. ആശുപത്രികളിൽ മാത്രം ചികിത്സയ്ക്കെത്തിയത്. സ്ഥിരീകരിച്ചത് 61 കേസുകൾ. സ്വകാര്യ ആശുപത്രികളിലെത്തിയവർ പുറമെ. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊതുക് നശീകരണം ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപന സാദ്ധ്യത വർദ്ധിക്കും. ഇത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് 'ഉറവിടം തേടി'യെന്ന പേരിൽ കാമ്പെയിൻ തുടങ്ങി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം നിർവഹിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉറവിട നശീകരണ യജ്ഞത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലും ചുറ്റുപാടും ആരോഗ്യപ്രവർത്തകർ പരിശോധിച്ചു. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഇല്ലാതാക്കുകയും ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ജില്ലയിലാകെ സംഘടിപ്പിച്ച സ്ഥാപന തല ഉറവിടം നശീകരണ പ്രവർത്തനങ്ങളിൽ ആരോഗ്യ സ്ഥാപനത്തിന്റെ പരിധിയിൽ പെടുന്ന സർക്കാർ സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ക്ലാസുകൾ നൽകി. 'ഉറവിടം തേടി' എന്ന പേരിൽ ഏപ്രിൽ 22 മുതലാണ് കാമ്പെയിൻ തുടങ്ങിയത്.
ഡെങ്കിപ്പനി കണക്ക് (തീയതി, കേസുകൾ സംശയിക്കുന്നത്, സ്ഥിരീകരിച്ചത്)
19 19....04 20 29....07 21 22....13 22 10....04 23 14....01 24 08....0 25 14....28 26 18....02 27 19....01 28 01....01
കാമ്പെയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. ഡോ.കെ.കെ രാജാറാം, ഡി.എം.ഒ