അനാസ്ഥയുടെ 'വിശ്രമകേന്ദ്രങ്ങൾ'; തുരുമ്പെടുത്തത് ഒരു കോടിയുടെ പദ്ധതി

Wednesday 03 June 2026 12:02 AM IST
butroad beach

കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ നവീകരണ പദ്ധതികൾ പ്രഖ്യാപിക്കുകയും വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കോഴിക്കോട് ബീച്ചിലെ അടിസ്ഥാനസൗകര്യങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്ന കോഴിക്കോട് ബീച്ചിന്റെ സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സന്ദർശകർക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രങ്ങളാണ് തകർന്ന നിലയിലുള്ളത്. 2021-ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് ബീച്ച് മേഖലകളിൽ വിശ്രമകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയത്. എന്നാൽ നിർമ്മാണം പൂർത്തിയായി ഒരു വർഷം പിന്നിടും മുമ്പേ വിശ്രമകേന്ദ്രങ്ങളുടെ മേൽക്കൂരകൾ ഭാഗികമായും ചിലത് പൂർണമായും തകർന്ന നിലയിലാണ്. ചില കേന്ദ്രങ്ങളിൽ മേൽക്കൂരകൾ പിളർന്നുവീണ നിലയിലും ഇരുമ്പുകമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലുമാണ്. മഴയും വെയിലും മാറിമാറിയെത്തുന്ന കാലാവസ്ഥയിൽ ബീച്ചിലെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും വിശ്രമിക്കാനുള്ള സുരക്ഷിത ഇടമെന്ന നിലയിലാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന ബീച്ചിൽ ഇത്തരം സൗകര്യങ്ങളുടെ അഭാവം കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സന്ദർശകർ പറയുന്നു. ശക്തമായ കടൽക്കാറ്റ് നിരന്തരം ഏൽക്കുന്ന തീരദേശ മേഖലയായതിനാൽ പ്രത്യേക പരിപാലനവും കാലാനുസൃത അറ്റകുറ്റപ്പണികളും ഇവിടെ അനിവാര്യമാണ്. പല വിശ്രമകേന്ദ്രങ്ങളുടെയും ഇരുമ്പുതൂണുകൾ തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ തകർന്ന ഭാഗങ്ങൾ നിലത്തുവീണ് കിടക്കുന്നതും കാണാം. സുരക്ഷാ ഭീഷണിയും ചെറുതല്ല. കാറ്റിലും മഴയിലും തുരുമ്പെടുത്ത ഭാഗങ്ങൾ ഇളകിവീഴാൻ സാദ്ധ്യതയുള്ളതിനാൽ സന്ദർശകർക്കും കുട്ടികൾക്കും അപകടമുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ സ്ഥാപിക്കാത്തതും വിമർശനത്തിന് ഇടയാക്കുന്നു. "കോടികൾ ചെലവഴിച്ച് നിർമ്മിച്ച സൗകര്യങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നത് ഖേദകരമാണ്. പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനൊപ്പം നിലവിലുള്ള സൗകര്യങ്ങളും സംരക്ഷിച്ച് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നിലനിർത്തണം."

-രാധാകൃഷ്ണൻ ഇ. കെ ചേവായൂർ