കോഴിക്കോട്: ഭാവനയ്ക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് നടി മഞ്ജുവാര്യർ. പ്രിയ സുഹൃത്ത് ഭാവന അഭിനയിച്ച ഹ്രസ്വചിത്രം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ ഐക്യദാർഢ്യം. ഭാവനയുടെ തിരിച്ചുവരവ് മറ്റാരെക്കാളും സന്തോഷം പകരുന്നത് തനിക്കാണെന്നും ഒരുപാട് ഉയരങ്ങൾ ആശംസിക്കുന്നെന്നും മഞ്ജുവാര്യർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകനും ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനുമായ എസ്.എൻ രജീഷാണ് ഹൃസ്വചിത്രത്തിന്റെ സംവിധായകൻ.
അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ സഹ സ്ഥാപനമായ മൈക്രോ ചെക്കിനു വേണ്ടിയാണ് 'ദി സർവൈവൽ' എന്ന ഹ്രസ്വ ചിത്രത്തിൽ ഭാവന വേഷമിട്ടത്. നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിൽ ഒരു പരസ്യ ചിത്രത്തിലൂടെ ഭാവന കടന്നുവന്നത് ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കാൻസറിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തുന്ന കാമ്പയിനാണ് 'ദി സർവൈവൽ'. ആദ്യഘട്ടത്തിൽ സ്തനാർബുദ പരിശോധനയും അതോടൊപ്പം ഗർഭാശയ സ്ക്രീനിംഗുമാണ് ദി സർവൈവലിൽ നടത്തുക. കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രകാശനം നടന്നത്.
സർവൈവൽ കാമ്പയിന്റെ ഭാഗമായി വിദഗ്ദ്ധരായ വനിത ടെക്നിഷ്യൻമാർ വീടുകളിലെത്തി ലിക്വിഡ് ക്രിസ്റ്റൽ കോൺടാക്ട് തെർമ്മോഗ്രഫി എന്ന നൂതന പരിശോധന നടത്തുമെന്ന് ജെൻ വർക്സ് സഹസ്ഥാപകനും കാൻ ഇന്റർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ.നൗഷാദ് സി.കെ. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |