കോഴിക്കോട് : സമനീതിക്കായി ശബ്ദമുയർത്തേണ്ട സ്ഥിതിയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഭരണാധികാരികളുടെ കടമയാണെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കെ.എൽ.സി.എ സംസ്ഥാന സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സുവർണ നീതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്വങ്ങളെ വികലമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടിയിരിക്കുന്നു. ജാതി മത ചിന്തകൾ ഉയർത്തി മനുഷ്യരെ തമ്മിൽ അകറ്റാൻ ചിലർ ശ്രമിക്കുന്നു. ഒരു മതത്തിൽ വിശ്വസിക്കുകയും
മറ്റ് മതങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യുന്ന വർഗീയത വളർന്നു വന്നാൽ
രാജ്യത്ത് ഭിന്നത ഉയരും. സാഹോദര്യത്തിനും മാനവികതയ്ക്കും ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സുവർണ ജൂബിലി ആഘോഷിക്കുന്ന കെ.എൽ.സി.എ പ്രസ്ഥാനത്തിന് കഴിയട്ടേയെന്നും ബിഷപ് പറഞ്ഞു. കോഴിക്കോട് രൂപത പ്രസിഡന്റ് ജോസഫ് പ്ലാറ്റോ പെരേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ്, ഫാ.പോൾ ആൻഡ്രൂസ്, മോൺ. വിൻസെന്റ് അറക്കൽ, കോഴിക്കോട് രൂപത ജനറൽ സെക്രട്ടറി നൈജു അറക്കൽ, സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ ആന്റണി, മുൻ കോഴിക്കോട് മേയർ സി.ജെ. റോബിൻ, ജോണി മുല്ലശ്ശേരി, പി.ജെ. സേവ്യർ, എന്നിവർ പ്രസംഗിച്ചു. മുൻകാല നേതാക്കളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |