നിലമ്പൂർ: നിലമ്പൂരിലും സമീപ പഞ്ചായത്തുകളിലും ജനവാസ മേഖലകളില്‍ ആശങ്കയുയര്‍ത്തി വീണ്ടും കാട്ടാനകളെത്തി. നടുവത്ത്, കാട്ടുമുണ്ട, കാപ്പില്‍ പ്രദേശങ്ങളിലാണ് ആനകളെത്തിയത്. വനപാലകരുടെ നേതൃത്വത്തില്‍ കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തിയത്.
രാത്രി പത്ത് മണിയോടെ വടപുറം വള്ളിക്കെട്ടു ഭാഗത്ത് ആനയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് വനം ദ്രുതകര്‍മ്മസേനയും മറ്റു വനപാലകരുംചേര്ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.പുലര്‍ച്ചെ 3.30 ഓടെ കാട്ടുമുണ്ടയിലും പിന്നീട് നടുവത്ത് പടകാളിപ്പറമ്പ് ഭാഗത്തേക്കും ആനകള്‍ കടക്കുകയായിരുന്നു.ഇതിനിടെ കാപ്പില്‍ ഭാഗത്തും ആനകളെത്തി.ഇവയെ പിന്നീട് വനപാലകര്‍ തിരിച്ച് ശനിയാഴ്ച രാവിലെ 8.30 ഓടെ വടപുറം കനോലി ഭാഗത്തെത്തിച്ച് ചാലിയാര്‍ പുഴ കടത്തിവിടുകയായിരുന്നു.
നിലമ്പൂര്‍ നോര്‍ത്ത്,സൗത്ത് ഡി.എഫ്.ഒ മാരുടെ നിര്‍ദ്ദേശപ്രകാരം വിവിധ റെയ്ഞ്ച് ഓഫീസര്‍മാരുടെയും ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ നൂറോളം വനപാലകരാണ് ദൗത്യത്തില്‍ പങ്കാളികളായത്.വണ്ടൂർ:ഇടറോഡുകൾ വഴി ഓടി കുളക്കണ്ടം, പുല്ലോട് , കാപ്പിൽ, നടുവത്ത് എന്നിവിടങ്ങളിലും കാട്ടാനയെത്തി. കാട്ടുമുണ്ട സ്വദേശി കുന്നുമ്മടക്കുംപാടം മുസ്തഫ ആനകളെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ നിലമ്പൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |