മലപ്പുറം: അടുത്ത മൂന്ന് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ ഒന്നും പ്രവചിക്കാത്തതിന്റെ ആശ്വാസത്തിലാണ് ജില്ല. ജൂലായ് 28 മുതൽ തുടർച്ചയായി മൂന്ന് ദിവസം പെയ്ത പെരുമഴ ജില്ലയിൽ പ്രളയസമാന സാഹചര്യം സൃഷ്ടിച്ചിരുന്നു. ചാലിയാറും കടലുണ്ടിയും ഭാരതപ്പുഴയുമെല്ലാം കര കവിയാൻ തുടങ്ങിയതോടെ നാട് കടുത്ത ഭീതിയിലായിരുന്നു. വയനാട്ടെ ഉരുൾപൊട്ടലിന് പിന്നാലെ ചാലിയാർ കലിതുള്ളിയതോടെ നിലമ്പൂർ നഗരസഭ, മമ്പാട്, എടവണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി ആയിരത്തിലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴ തുടർന്നാൽ ഉരുൾപൊട്ടുമോ എന്ന പേടിയിൽ ചോക്കാട് നാൽപ്പത് സെന്റിലും പുല്ലങ്കോട് എസ്‌റ്റേറ്റിലും 200ഓളം പേരെ മാറ്റിപാർപ്പിച്ചിരുന്നു. ഈ മാസം ആറ് വരെ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പുകളൊന്നും പ്രവചിക്കാത്തതിനാൽ ഉടൻ വീടുകളിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിൽ ക്യാമ്പുകളിൽ കഴിയുകയാണ് ഇവർ. ഇന്നും നാളെയും വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.
എന്നിട്ടും മഴക്കുറവോ !
ഒരാഴ്ചയോളമായി ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കിൽ മൺസൂൺ പ്രതീക്ഷിച്ച മഴ മാത്രമാണ് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 3 വരെ 1,334.2 മില്ലീമീറ്റർ മഴയാണ് പ്രവചിക്കപ്പെട്ടത്. ലഭിച്ചത് 1,419.6 മില്ലീമീറ്ററും. മഴയിൽ ആറ് ശതമാനത്തിന്റെ മാത്രം വർദ്ധനവ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡപ്രകാരം പ്രവചിച്ചതിനേക്കാൾ 20 ശതമാനം കൂടുതൽ ലഭിച്ചാൽ മാത്രമേ അധിക മഴയായി കണക്കാക്കൂ. കേരളത്തിൽ കണ്ണൂർ ഒഴികെ മറ്റൊരിടത്തും അധിക മഴ രേഖപ്പെടുത്തിയിട്ടില്ല. എറണാകുളവും ഇടുക്കിയും മഴക്കുറവിലാണ്. ഇവിടങ്ങളിൽ യഥാക്രമം 21, 27 ശതമാനം മഴയുടെ കുറവുണ്ട്.
മഴയുടെ കലിയടങ്ങി
ജില്ലയിൽ ജൂൺ 28 മുതൽ 30 വരെ അതിശക്തമായ മഴ ലഭിച്ചതാണ് പ്രളയസമാന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ജൂൺ 30ന് പൊന്നാനിയിലും വണ്ടൂരിലും 280 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. ജില്ലയിലെ മിക്കയിടങ്ങളിലും 150 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. മൺസൂൺ മഴ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ ദിവസമായിരുന്നു. മഴ തുടർന്നാൽ ജില്ലയെ ഒന്നാകെ മൂടുന്ന പ്രളയ സാഹചര്യം സൃഷ്ടിക്കപ്പെടുമോയെന്ന് ഭയപ്പെട്ടിരിക്കെ പിന്നീടുള്ള ദിവസങ്ങളിൽ മഴ കാര്യമായി പെയ്യാതിരുന്നതാണ് തുണയായത്. ഒരാഴ്ചക്കിടെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് ഇന്നലെയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികളിൽ കരിപ്പൂരിൽ രേഖപ്പെടുത്തിയ 31 മില്ലീമീറ്ററാണ് രേഖപ്പെടുത്തിയ ഉയർന്ന മഴ. പൊന്നാനി - 8, നിലമ്പൂർ 14.3, മഞ്ചേരി - 12, പെരിന്തൽമണ്ണ - 6, ആനക്കയം - 11, വാക്കാട് - 2.5 മില്ലീ മീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |