മലപ്പുറം: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി തുടങ്ങിയവയുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധനയ്ക്ക് അയക്കും. രോഗി ചികിത്സ തേടിയ വിവിധ ഇടങ്ങളിൽ ഉൾപ്പെടെ കേന്ദ്ര സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉടൻ കൈമാറും.
സ്ത്രീക്ക് നിപ ബാധിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. നിപ രോഗി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. വവ്വാൽ കഴിച്ച പഴങ്ങൾ വഴിയാണോ നിപ പകർന്നതെന്ന സംശയത്തെ തുടർന്നാണ് രോഗിയുടെ വളാഞ്ചേരിയിലെ വീട്ടുപരിസരത്ത് എത്തി പഴങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) സംഘമാണ് ജില്ലയിൽ അന്വേഷണം നടത്തുന്നത്.
നിപ വിട്ടുപോയിട്ടില്ല
ജില്ലയിൽ ഒമ്പത് മാസത്തിനിടെ മൂന്ന് നിപ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദർ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും രോഗ വ്യാപന കേന്ദ്രം ഇപ്പോഴും അജ്ഞാതമാണ്. 2018ൽ ആദ്യമായി നിപ സ്ഥിരീകരിച്ചതിന് ശേഷം നിപ വൈറസ് സംസ്ഥാനത്ത് നിന്നും വിട്ടുപോയിട്ടില്ലെന്നാണ് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ പഠനം വ്യക്തമാക്കുന്നത്. ജില്ലയിൽ നിപ കേസുകൾ ആർത്തിക്കാനുള്ള സാദ്ധ്യത ഇതാണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
2001 മുതൽ 2025 വരെ സംസ്ഥാനത്ത് പത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ സ്ഥിരീകരിച്ച ബംഗ്ലാദേശിൽ 2001 മുൽ 2023 വരെ ഒമ്പത് തവണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2018ൽ രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ 25 ശതമാനം പഴംതീനി വവ്വാലുകളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് നിപയുടെ ഉറവിടം വവ്വാലുകളാണെന്ന സ്ഥീകരണത്തിലേക്ക് എത്തിയത്. പാണ്ടിക്കാടും തിരുവാലിയിലും നടത്തിയ പരിശോധനയിൽ 20 ശതമാനം പഴംതീനി വവ്വാലുകളിൽ വൈറസിനെതിരായ ആന്റീബോഡികൾ കണ്ടെത്തിയിരുന്നു. വളാഞ്ചേരിയിൽ ശേഖരിച്ച വിവരങ്ങളും സമാനമായ കണ്ടെത്തലിലേക്ക് നയിച്ചേക്കും.
കേന്ദ്ര സംഘം നിപ ബാധിത പ്രദേശത്ത് പരിശോധന നടത്തുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാവും ജില്ലാ ആരോഗ്യവകുപ്പിന് ഇത് ലഭിക്കുക. നിലവിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.
ഡോ.ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |