മലപ്പുറം: നിലമ്പൂരിലെ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി മുന്നണികളുടെ പ്രതിഷേധം. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എൽ.ഡി.എഫ് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കെ.എസ്.ഇ.ബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യു.ഡി.എഫ് വഴിക്കടവ് കെ.എസ്.ഇ.ബി ഓഫീസിലേക്കും മാർച്ച് നടത്തി.വനം വകുപ്പ് ഓഫീസിന് മുന്നിൽ ബി.ജെ.പിയും പ്രതിഷേധിച്ചു.
യു.ഡി.എഫ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരണപ്പെട്ടതിൽ ഗൂഢാലോചന ആരോപിച്ച വനം മന്ത്രി എ.കെ.ശശീന്ദ്രൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. പന്നികളെ കൊല്ലുവാനുള്ള അനുമതി പഞ്ചായത്ത് നൽകിയാലും പണം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണ്. ഇത് മറച്ചുവെച്ചാണ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തുന്നത്. എൽ.ഡി.എഫ് മാർച്ച് നടത്തേണ്ടത് വനം-വൈദ്യുതി മന്ത്രിമാരുടെ ഓഫീസിലേക്കാണ്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി മോഷ്ടിക്കുന്ന കാര്യം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാരും നാട്ടിലുള്ളവരും കെ.എസ്.ഇ.ബി.യിലും വനം വകുപ്പിലും അറിയിച്ചതാണ്. എന്നിട്ടും ഒരു നടപടിയും അവർ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സെയ്തലവി വാളശ്ശേരി അദ്ധ്യക്ഷനായി. എം.എൽ.എ.മാരായ എ.കെഎം.അഷ്റഫ്, അൻവർ സാദത്ത്, മുൻ എം.എൽ.എമാരായ കെ.എം.ഷാജി, പാറക്കൽ അബ്ദുള്ള, ഡി.സി.സി. പ്രസിഡന്റ് വി.എസ്.ജോയ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, അജയ് തറയിൽ, അഹമ്മദ് സാജു, ഇസ്മായിൽ മൂത്തേടം, ടി.പി.അഷ്റഫലി സംസാരിച്ചു.
എൽ.ഡി.എഫ് പ്രവർത്തകർ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഈ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച യു.ഡി.എഫിനെ തന്നെ ഇത് തിരിഞ്ഞു കുത്തുകയാണെന്നും ഇതിനെ പലരും വനം- വന്യജീവി പ്രശ്നമായി ചിത്രീകരിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. അതേ സമയം കൃഷിക്കും മറ്റും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഒരു സംവിധാനം നാട്ടിൽ ഉണ്ടായിട്ടും അത് നടപ്പിലാക്കാത്തത് വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണ്. പന്നി വേട്ടക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പ്രവർത്തനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനം ഓഫീസിന് മുന്നിൽ ബി.ജെ.പി ധർണ്ണ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു. പന്നിയെ വെടിവച്ച് കൊല്ലാനുള്ള ഒരു ലൈസൻസും കേന്ദ്രം നൽകേണ്ട കാര്യമില്ല. അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാൻ വനം വകുപ്പിന് അനുമതിയുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കിൽ പന്നിയെ വെടിവയ്ക്കുന്നവർക്ക് പണം നൽകുന്നില്ല. കെ.എസ്.ഇ.ബിയുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ല. ആനയ്ക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രി. ഇങ്ങനെ ഒരാളെ വെച്ച് എന്തിനാണ് മുഖ്യമന്ത്രി ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്? മലയോര ജനതയെ വഞ്ചിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |