മലപ്പുറം: ദേശീയപാത 66 തലപ്പാറ വി.കെ പടിയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ കാറിടിച്ച് രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കാനിടയാവുകയും ചെയ്ത സാഹചര്യത്തിൽ ദേശീയപാതയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ നിർമ്മാണം മലപ്പുറം ജില്ലയിൽ 99 ശതമാനം പൂർത്തിയായി കഴിഞ്ഞതിനാൽ വാഹനങ്ങൾ വേഗതയിൽ സഞ്ചരിക്കുന്നുണ്ടെന്നും അപകട സാദ്ധ്യത കൂടുതലാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും യോഗാദ്ധ്യക്ഷനായ ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു.
വാഹനങ്ങൾ ദേശീയപാതയിൽ പാർക്ക് ചെയ്യുന്നത് പൂർണമായി ഒഴിവാക്കണം. പാർക്ക് ചെയ്ത വാഹനത്തിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചതെന്നും കളക്ടർ പറഞ്ഞു. എം.എൽ.എമാരായ കെ.പി.എ. മജീദ്, പി.അബ്ദുൽ ഹമീദ് എന്നിവരാണ് ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചത്.
ദേശീയപാതയിൽ ക്യാമറ സംവിധാനം ഉൾപ്പെടെ കൃത്യമായ സുരക്ഷാസംവിധാനം ദേശീയപാതാ അതോറിറ്റി ഏർപ്പെടുത്തണമെന്ന് കെ.പി.എ മജീദ് എം.എൽ.എ ആവശ്യപ്പെട്ടു. എക്സിറ്റ് ബോർഡുകൾ നോക്കാതെ വാഹനങ്ങൾ കയറുന്നത് മൂലവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാൻ ക്യമാറ സ്ഥാപിക്കുന്നത് വേഗത്തിലാക്കേണ്ടത് ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ലയിൽ ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് 18 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അഞ്ചു മരണം ഉണ്ടായിട്ടുണ്ടെന്നും പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിനു മറുപടിയായി ജില്ലാ മെഡിക്കൽ ഓഫീസർ വികസന സമിതി യോഗത്തിൽ അറിയിച്ചു. രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 50 ശതമാനം കിണറുകളിലും ക്ലോറിനേഷൻ പൂർത്തിയായിട്ടുണ്ട്. വീട്ടുകാർ വിസമ്മതിക്കുന്നതിനാലാണ് ബാക്കി പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നത്. ഇതിനായി വ്യാപക അവബോധം നടത്തുന്നുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയിൽ കൃത്യമായ ചികിത്സാ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മൈക്രോബയോളജിസ്റ്റിന്റെ സേവനമുള്ള പ്രധാന ആശുപത്രികളിലെല്ലാം രോഗനിർണയം നടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.
ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് കോട്ടപ്പടി ഡി.ഡി ഓഫീസിനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള നടപടിയുടെ പുരോഗതി പി.ഉബൈദുല്ല എം.എൽ.എ ആരാഞ്ഞു. സ്ഥലത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ഫണ്ട് നഷ്ടമാവാതിരിക്കാൻ സിവിൽ സ്റ്റേഷനിൽ തന്നെ പബ്ലിക് ഹെൽത്ത് ലാബിന്റെ നവീകരണം പൂർത്തിയായി വരികയാണെന്നും ഡി.എം.ഒ അറിയിച്ചു. 2019ലെ പ്രളയത്തിൽ മലപ്പുറം കോട്ടക്കുന്നിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേരുടെ ജീവൻ നഷ്ടമായ സംഭവത്തിന് പരിഹാരമെന്ന നിലയിൽ ഡ്രൈനേജ് നിർമ്മാണത്തിനായി 2021ൽ നടത്തിയ സർവേ പ്രകാരം പ്രവൃത്തി നടത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പുതിയ കോൺടൂർ സർവേ നടത്താൻ തീരുമാനിച്ചതായും രണ്ടു ദിവസത്തിനകം സർവേ ആരംഭിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എൽ.എയെ അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കുന്നതിന് നിലവിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവ് നികത്തേണ്ടതുണ്ടെന്നും ഇക്കാര്യം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ യു.എ ലത്തീഫ് എം.എൽ.എയെ അറിയിച്ചു. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ മെഡിക്കൽ ബോർഡ് കൂടുന്ന കാലതാമസം ഉടൻ പരിഹരിക്കണമെന്ന് എം.എൽ.എ ഡി.എം.ഒയോട് ആവശ്യപ്പെട്ടു.
മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി പാർസൽ സർവീസും സ്റ്റേഷൻ മാസ്റ്റർ ഓഫീസും തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. എം.എൽ.എ.മാരായ പി. ഉബൈദുള്ള, കെ.പി.എ.മജീദ്, യു.എ.ലത്തീഫ്, പി. അബ്ദുൾ ഹമീദ്, എ.ഡി.എം എൻ.എം.മെഹറലി, പ്ലാനിംഗ് ഓഫീസർ എ.ഡി.ജോസഫ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |