
ബംഗളൂരു: അതിനാടകീയം. ആസൂത്രിതം. ബംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ പട്ടാപ്പകൽ നടന്നത് വൻകൊള്ള.
എ.ടി.എമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് അതിവിദഗ്ദ്ധമായി കൊള്ളയടിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിറയ്ക്കാനായി 7.11 കോടി രൂപയുമായി വാഹനം പുറപ്പെട്ടു. വാഹനത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും. രാവിലെ പത്തോടെ ജയനഗറിലെ അശോക് പില്ലറിന് സമീപം വാഹനമെത്തിയപ്പോൾ ഗ്രേ നിറത്തിലുള്ള ഇന്നോവ കാർ കുറുകെ സിനിമാസ്റ്റൈലിൽ നിറുത്തി. കാറിൽ ഗവ. ഓഫ് ഇന്ത്യ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ഒരു സംഘം ഇറങ്ങിവന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിച്ചു.
ഐ.ഡി കാർഡുകളും കാണിച്ചു. തുടർന്ന് രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ജീവനക്കാരുടെ മുമ്പിൽ വച്ച് പണം ഇന്നോവ കാറിലേക്ക് മാറ്റി. വിശ്വാസം ഉറപ്പിക്കുന്നതിനായി ജീവനക്കാരിൽ നിന്ന് പല പേപ്പറുകളും സംഘം ഒപ്പിട്ട് വാങ്ങി. തുടർന്ന് ജീവനക്കാരെ കാറിൽ കയറ്റി പോയി. കുറച്ചുദൂരം പിന്നിട്ട ശേഷം ഇറക്കിവിട്ടു. തുടർന്ന് കൊള്ളസംഘം ബെന്നാർഘട്ട റോഡിലൂടെ അതിവേഗം പോയി. കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ള കവർച്ചയാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്‌മയാണിതെന്ന വിമർശനവുമുയർന്നു.
വ്യാജ നമ്പർ പ്ലേറ്റ്
പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സി.സി.ടിവി ക്യാമറകളുൾപ്പെടെ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഗ്രേ നിറത്തിലുള്ള ഇന്നോവ കാറിലാണ് പ്രതികളെത്തിയത്. ഇവരുടെ വണ്ടിയിലുണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് കണ്ടെത്തി. നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോറമംഗല, ഡോംലൂർ, മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി സഞ്ചരിച്ച് സംഘം ഹൊസക്കോട്ടെയിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |