
ന്യൂഡൽഹി: 'വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബമാണ്) എന്നതിന്റെ ജീവസ്സുറ്റ രൂപമായിരുന്നു സത്യസായി ബാബയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുട്ടപർത്തിയിൽ ബാബയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മശതാബ്ദി വർഷം സാർവത്രിക സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മഹത്തായ ഉത്സവമാണ്. ബാബ പഠിപ്പിച്ച സ്‌നേഹവും സേവന മനോഭാവവും ജനകോടികളെ നയിക്കുന്നു. 140ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജീവിതങ്ങൾക്ക് പുതിയ വെളിച്ചവും ദിശയും നൽകുന്നു. 'എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സേവിക്കുക" എന്നാണ് ബാബ എല്ലായ്‌പോഴും പറഞ്ഞിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ഈ തത്ത്വചിന്തയുടെ ജീവിക്കുന്ന തെളിവായി നിലകൊള്ളുന്നെന്നും മോദി പറഞ്ഞു.
മഹാസമാധിയിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് മോദി ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത്. നൂറു രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഐശ്വര്യ റായി, സച്ചിൻ ടെൻഡുൽക്കർ,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ റാംമോഹൻ നായിഡു, ജി. കിഷൻ റെഡ്ഡി, നാര ലോകേഷ്, ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്‌നാകർ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |