ദേശീയപാതയിലൂടെ ചീറിപ്പായുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൂരിയാടിൽ അഞ്ച് വരി മാത്രം; സർവീസ് റോഡുമില്ല
മലപ്പുറം: ദേശീയപാത 66ലൂടെ കോഴിക്കോട് ഭാഗത്തേക്ക് ചീറിപ്പായുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കക്കാടിനും കൂരിയാടിനും ഇടയിൽ വാഹനത്തിന്റെ വേഗം അൽപ്പമൊന്ന് കുറയ്ക്കുന്നത് നന്നാവും. ഇവിടെ ദേശീയപാത ആറിൽ നിന്ന് അഞ്ച് വരിയായി ചുരുങ്ങുന്നുണ്ട്. കൂടാതെ സർവീസ് റോഡുമില്ല. ഇവ രണ്ടും അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കലാണ് നാട്ടുകാർ. കൂരിയാടിൽ കടലുണ്ടി പുഴയോട് ചേർന്നുള്ള ഭാഗത്താണ് ദേശീയപാത അഞ്ചുവരിയായി ചുരുങ്ങിയത്. 40 കൊല്ലം മുൻപ് നിർമ്മിച്ച പാലം പൊളിച്ച് പകരം സർവീസ് റോഡും മൂന്ന് വരിയുമടങ്ങുന്ന പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി പരിഗണിച്ചില്ല. പകരം നിലവിലെ പാലം മോടി കൂട്ടി ദേശീയപാതയുടെ ഭാഗമാക്കി. ഇതോടെ ഇവിടെ രണ്ടുവരിയായി ദേശീയപാത ചുരുങ്ങി. ഇതിനൊപ്പം കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിനെ പുഴക്കടവിൽ അവസാനിപ്പിക്കേണ്ടിയും വന്നു. പാലം പിന്നിട്ട് വയഡക്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സർവീസ് റോഡിനെ കോൺഗീറ്റ് ഭിത്തി കൊണ്ടാണ് വേർത്തിരിച്ചിട്ടുള്ളത്. ഇവിടെ ദേശീയപാതയ്ക്ക് വീതി കുറവാണ്.
കക്കാടിൽ നിന്ന് സർവീസ് റോഡിലൂടെ വരുന്ന ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ പ്രവേശിച്ച് മാത്രമേ വേങ്ങര ഭാഗത്തേക്ക് പോകാനാവൂ. ദേശീയപാതയിലൂടെ അതിവേഗതയിൽ എത്തുന്ന വാഹനങ്ങളും സർവീസ് റോഡിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. ഇതേ സാഹചര്യമാണ് തൃശൂർ ഭാഗത്തേക്കുള്ള റോഡിലും. മൂന്ന് വരിയിൽ വാഹനങ്ങൾ പോവാൻ കഴിയും വിധത്തിൽ പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് സർവീസ് റോഡില്ല. നാടുകാണി - പരപ്പനങ്ങാടി സംസ്ഥാന പാതയും സർവീസ് റോഡും വന്നുചേരുന്നത് ദേശീയപാതയിലാണ്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ സഞ്ചരിച്ചുവേണം സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ.
ഗതാഗതക്കുരുക്കിന് പരിഹാരം
- കൂരിയാടിൽ വയഡക്ട് ഗതാഗതത്തിന് തുറന്നതോടെ ഗതാഗതകുരുക്ക് ഇല്ലാതായിട്ടുണ്ട്. നേരത്തെ ഇവിടെ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
- 2025 മേയ് 19നാണ് കൂരിയാടിൽ ആറുവരി ദേശീയപാത നിർമ്മാണത്തിലിരിക്കെ തകർന്നത്. ഇരുഭാഗത്തും 40 അടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടി ഇതിൽ മണ്ണ് നിറച്ചായിരുന്നു റോഡ് നിർമ്മിച്ചത്.
- വെള്ളം ഒഴുകിപോവുന്ന വയലിലെ നിർമ്മാണത്തിനെതിരെ തുടക്കം മുതൽ നാട്ടുകാർ എതിർപ്പുമായി രംഗത്തുവന്നെങ്കിലും ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ ഗൗനിച്ചില്ല.
- നിർമ്മാണം പൂർത്തിയാക്കി ടാറിംഗ് അവസാനഘട്ടത്തിലെത്തി നിൽക്കെ വേനൽ മഴയിലാണ് റോഡ് തകർന്നത്. സർവീസ് റോഡ് വഴി കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വയഡക്ട് ഇങ്ങനെ 380 മീറ്റർ നീളം
13 സ്പാനുകൾ
24 തൂണുകൾ