ജില്ലയിൽ എച്ച്.പി.വി വാക്സിൻ എടുത്തത് 20.7 ശതമാനം മാത്രം
മലപ്പുറം: ഗർഭാശയ-ഗളാർബുദത്തിന് പ്രതിരോധമൊരുക്കാൻ (സെർവിക്കൽ കാൻസർ) 14-15 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി നൽകുന്ന എച്ച്.പി.വി വാക്സിനേഷേഷൻ നാളെ അവസാനിക്കാനിരിക്കെ ജില്ലയിൽ വാക്സിനെടുത്തത് 20.7 ശതമാനം പേർ മാത്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് പേർ വാക്സിനെടുത്തത് മലപ്പുറം ജില്ലയിലാണ്. 35,612 പേരാണ് വാക്സിനെടുക്കാനുള്ളത്. ഫെബ്രുവരി 28ന് ആരംഭിച്ച ക്യാമ്പയിനിലൂടെ ഈമാസം 27 വരെ ജില്ലയിൽ 9,317 പേരാണ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിൽ ആകെ വാക്സിൻ എടുക്കേണ്ടവരുടെ എണ്ണം 44,929 ആണ്. ആകെയുള്ള 83 സെഷനുകളിൽ 80 എണ്ണം പൂർത്തിയാവുമ്പോഴുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്.പി.വി വാക്സിൻ ഗുണഭോക്താക്കളുള്ളതും മലപ്പുറം ജില്ലയിലാണ്. ഗർഭാശയ-ഗളാർബുദത്തിന് കാരണമാവുന്ന എച്ച്.പി.വി അണുബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളിൽ 4,000 രൂപ നിരക്കിലാണ് വാക്സിൻ ലഭിക്കുക. ജില്ലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കൾ കുറവാണ്. ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് പത്തനംതിട്ട ജില്ലയിലാണ്, 80 ശതമാനം. രക്ഷിതാക്കൾ സമൂഹമാദ്ധ്യമങ്ങളിലെ തെറ്റായ വിവരങ്ങളിൽ വഞ്ചിതരാവാതെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പറയുന്നു. 2006 മുതൽ ഇന്ത്യയിൽ എച്ച്.പി.വി വാക്സിൻ നൽകുന്നുണ്ട്.
അവധിക്കാലം തിരിച്ചടിയായി
സാധാരണ പ്രതിരോധ കുത്തിവെപ്പുകൾ സ്‌കൂളുകൾ വഴിയാണ് വിതരണം ചെയ്യാറുളളത്. എന്നാൽ, എച്ച്.പി.വി വാക്സിനേഷൻ സ്‌കൂളുകൾ വഴി വിതരണം ചെയ്തിരുന്നില്ല. മാത്രമല്ല, അവധിക്കാലമായതിനാൽ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിക്കാനായില്ല. ഇതിനാൽ, പല രക്ഷിതാക്കൾക്കും വാക്സിൻ സംബന്ധിച്ച കൃത്യമായ ധാരണയില്ല. സംശയവും ആശങ്കകളും കാരണം പലരും വാക്സിനെടുക്കാൻ തയ്യാറാവാത്തതും തിരിച്ചടിയായി.
ആകെ വാക്സിനെടുത്തവർ - 20.7%
ആകെ വാക്സിൻ എടുക്കേണ്ടവർ- 44,929
വാക്സിനെടുക്കാനുള്ളവർ- 35,612
വാക്സിൻ സ്വീകരിച്ചവർ- 9,317