മലബാറിലെ ക്ഷേത്രേത്സവ പരിസാമാപ്തി നാടിന്റെ ഉത്സവമായി കോഴിക്കളിയാട്ടം
തിരൂരങ്ങാടി: ഒരുമയുടെ താളത്തിൽ കൊട്ടിയാടി നൃത്തം വെച്ച് നാടിന്റെ ഉത്സവമായി കോഴിക്കളിയാട്ടം. വീഥികൾ നിറഞ്ഞ് പതിനായിരക്കണക്കിന് ഭക്തർ ആനന്ദലഹരിയിൽ ആട്ടവും പാട്ടുമായി ആറാടി. ജില്ലക്കും പുറത്തുനിന്നുമായി വാഹനത്തിലായി നൂറുകണക്കിന് പൊയ്ക്കുതിരകൾ ഒഴുകിയെത്തിയതോടെ നാടിന്റെ ഏറ്റവും വലിയ ആഘോഷത്തിന് അരങ്ങുണർന്നു. ജൂൺ 4ന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുന്നതോടെ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കു പരിസമാപ്തിയാകും. ഇടവത്തിലെ ആദ്യ തിങ്കളാഴ്ച മുന്നിയൂർ പാറേക്കാവിൽ നിന്ന് കാപ്പൊലിക്കൽ ചടങ്ങോടെ തുടങ്ങുന്ന കളിയാട്ടത്തിലെ ഏകപകൽ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം. ഒരുപകൽ നീണ്ടുനിന്ന ഉത്സവത്തിന് ജാതിമതഭേദമന്യേ മലബാറിലെ വിവിധ ഭാഗങ്ങളിലായി പതിനായിരങ്ങളാണ് കളിയാട്ടക്കാവിലേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതൽ ദേവീസ്തുതികൾ നിറഞ്ഞ വീഥിയിലൂടെ ചെണ്ടകൊട്ടി നൃത്തം ചെയ്ത് കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരമടങ്ങുന്ന ആയിങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു. പരമ്പരാഗത വാദ്യമേളയ്ക്ക് പുറമെ ബാൻഡ്, നാസിക് ഡോൾ ഉൾപ്പെടെയുള്ള വാദ്യമേളങ്ങളോടെ ലോകകപ്പ് ഫുട്ബോൾ മത്സരം അടുത്തതോടെ വിവിധ രാജ്യങ്ങളുടെ ജെയ്സി അണിഞ്ഞും വിവിധ ദേശക്കാർ കാവിലേക്ക് പൊയ്ക്കുതിര സംഘങ്ങളായി എത്തിയത് .
അണിനിരന്നത് കൂറ്റൻ കുതിരകൾ
ചെറിയ കുതിരകൾ മുതൽ കൂറ്റൻ കുതിരകൾ വരെ അണിനിരന്ന പൊയ്ക്കുതിരകൾ ശ്രദ്ധേയമായി. നാടിന്റെ മതസൗഹാർദ സന്ദേശവുമായി മുട്ടിച്ചിറ പള്ളിയിൽ കാണിക്കയിട്ടാണ് സംഘങ്ങൾ കാവിലേക്ക് നീങ്ങിയത്. രാവിലെ ആചാരപ്രകാരം സാംബവ മുപ്പന്റെ നേതൃത്വത്തിലുള്ള സംഘം പൊയ്ക്കുതിരകളുമായി ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ച് കാവു തീണ്ടൽ കർമം നടത്തി. കാരണവർ കാവുട നായർ മുറത്തിലിരുന്ന് കുതിരപ്പണം വാങ്ങി പൊയ്ക്കുതിരകളുടെ ഓല ചീന്തി കുതിരപ്ലാക്കൽ തറയിൽ പൊയ്ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകി. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നുള്ള പൊയ്കുതിരാ സംഘങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. ആചാരപൂർവം ദക്ഷിണ നൽകി കുതിരപ്പിലാക്കലിൽ മൂന്ന് തവണ വലം വച്ച് പൊയ്ക്കുതിരകളെ പൊഴിച്ചാണ് വരവ് അവസാനിപ്പിച്ചത്. പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്ന് വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കൂടുതൽ പൊയ്ക്കുതിരകൾ എത്തിയത്. വൈകുന്നേരമായപ്പോഴേക്കും വിശ്വാസികളുടെ തിരക്കിൽ ക്ഷേത്രവും പരിസരവും വീർപ്പുമുട്ടി. കൃഷി ഉത്സവം കൂടിയായ കളിയാട്ടത്തോടനുബന്ധിച്ച് വിവിധയിനം വിത്തുകളുടെയും കൃഷി ഉപകരണങ്ങളുടെയും വിപണനത്തിനും ജനങ്ങളുടെ വലിയ തിരക്കായിരുന്നു കളിയാട്ടക്കാവിലും മുട്ടിച്ചിറയിലും തലപ്പാറയിലും റോഡിന്റെ ഇരുവശങ്ങളിലും.