അരീക്കോട്: ജമ്മു കാശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈലിന്റെ(26) ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അരീക്കോടിനടുത്ത കീഴുപറമ്പ് കുനിയിൽ സ്വദേശിയായ നുഫൈലിന്റെ വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വച്ചശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.
ഡൽഹിയിൽ നിന്നും ശനിയാഴ്ച രാത്രി എട്ടോടെ ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നും ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ഭൗതികശരീരം ഏറ്റുവാങ്ങി. തുടർന്ന് ഹജ്ജ് ഹൗസിൽ സൂക്ഷിച്ച ഭൗതികശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ ആംബുലൻസിൽ വിലാപയാത്രയായി കൊടവങ്ങാട്ടേക്ക് കൊണ്ടുപോയി.നുഫൈലിന്റെ മൃതദേഹത്തോടൊപ്പം മേജർ പ്രവീൺ കുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ അനുഗമിച്ചു.
122 ടി.എ മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. കേരള പൊലീസിനു വേണ്ടി മലപ്പുറം റിസർവ് സബ് ഇൻസ്‌പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകി. പി.കെ ബഷീർ എം.എൽ.എ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ, എയർപോർട്ട് അതോറിറ്റി ഡയറക്ടർ, സി.ഐ.എസ്.എഫ് കമാൻഡർ, മലപ്പുറം സൈനിക കൂട്ടായ്മ, എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് ലീവിന് നാട്ടിലെത്തിയ നുഫൈൽ ജനുവരി 22നാണ് ലഡാക്കിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. എട്ടുവർഷമായി ആർമി പോസ്റ്റൽ സർവീസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസമിലും മേഘാലയയിയും ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്‌ന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |