അഗളി: പട്ടികവർഗ - പട്ടികജാതി മറ്റ് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സർക്കാർ വിവിധ മേഖലകളിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന വനംവന്യജീവി വകുപ്പ്, മണ്ണാർക്കാട് വനവികസന ഏജൻസിയുടെ കീഴിൽ അട്ടപ്പാടി മുക്കാലിയിൽ ആരംഭിച്ച ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ മണ്ണാർക്കാട് മേഖലയിൽ 87.40 കി.മീ സോളാർ ഫെൻസിംഗ്, 7.7 കി.മീ എലിഫെന്റ് ട്രഞ്ച്, 19 കി.മീ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ്, ആർ.ആർ.ടി ടീമുകൾക്ക് പരിശീലനം എന്നിവയ്ക്കായി 150 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനകത്ത് തീറ്റ, വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഒരേ സമയം വനവാസികളുടെ ജീവിത സൗകര്യം ഉറപ്പാക്കി, വനമേഖലയിലെ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ജനങ്ങളും വനംവകുപ്പും തമ്മിൽ മെച്ചപ്പെട്ട ബന്ധം നിലനിർത്താൻ വനം വകുപ്പിന് ലഭിച്ച നിർദ്ദേശങ്ങളിൽ പഠനം നടക്കുന്നതായും മന്ത്രി അറിയിച്ചു. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണനോദ്ഘാടനം, പാലക്കാടൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോംഗ് പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു. മുക്കാലിയിൽ നടന്ന പരിപാടിയിൽ അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അദ്ധ്യക്ഷയായി.
പുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, വാർഡംഗം കൃഷ്ണകുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഓഫീസർ നോയൽ തോമസ്, ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് മണ്ണാർക്കാട് എഫ്.ഡി.എ ചെയർമാൻ കെ.വിജയാനന്ദൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |