കൊല്ലങ്കോട്: ഇന്ത്യയിൽ തന്നെ പത്ത് സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലങ്കോടിന്റെ ഗ്രാമ ഭംഗി കാണാൻ ദിനംപ്രതി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. എന്നാൽ സഞ്ചാരികളിൽ പലരും മഴക്കാല മുന്നറിയിപ്പുകളും വനം വകുപ്പ് നിർദ്ദേശങ്ങളും അവഗണിക്കുന്നതിനെ തുടർന്ന് അപകടത്തിന്റെ തോതും വർദ്ധിച്ചിരിക്കുകയാണ്. നെല്ലിയാമ്പതി മലനിരകളിലെ വെള്ളച്ചാട്ടം കാണനെത്തുവരും കുത്തിയൊഴുകുന്ന പുഴയിൽ കുളിക്കാനിറങ്ങുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നെല്ലിയാമ്പതി മലമുകളിൽ നിന്ന് പാൽനിറത്തിൽ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ മഴക്കാലത്ത് നിരവധി പേരാണ് എത്തുന്നത്. മതിയായ സുരക്ഷയില്ലാത്തതിനാലും നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരുടെ അപര്യാപ്തത മൂലവും ഇവരെ നിയന്ത്രിക്കാൻ ഏറെ പ്രയാസപ്പെടുകയാണ് വനം വന്യജീവി വകുപ്പും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പും. അതിശക്തമായ മഴയിൽ ഇവിടെ കുത്തിയൊഴുകി വരുന്ന മലവെള്ളം എത്രത്തോളമാണെന്ന് കണക്കുകൂടാനാകില്ല.
സാഹസികത അപകടത്തിലേക്ക്
വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നരുതെന്നും കുളിക്കരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെ വനം വകുപ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്നു പോയാണ് സാഹസിക കുളി ആസ്വദിക്കുന്നത്. ഇതിനകം നിരവധി അപകടങ്ങൾക്കും മരണത്തിനും ഈ പ്രദേശങ്ങൾ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരാഴ്ച മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെള്ളരിക്കുണ്ട് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് മരിച്ചത്. അപകടങ്ങളുടെ പശ്ചാത്തതലത്തിൽ കൊല്ലങ്കോട് അഗ്നിരക്ഷാ നിലത്തിന്റെ നേതൃത്വത്തിൽ സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ പരിസരത്തു വച്ച് ആപ്ത മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർമാരെ ഉൾപ്പെടുത്തി പൊതുജനങ്ങൾക്കും വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾക്കും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസെടത്തു. സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണ നേതൃത്വം നൽകി. സീതാർകുണ്ട്, പലകപ്പാണ്ടി, ശുക്രിയാൽ, പാത്തിപ്പാറ, വെള്ളരിമേട് ഭാഗങ്ങളിൽ കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |