മണ്ണാർക്കാട്: പൊലീസ് സേനയിൽ സല്യൂട്ട് പുതുമയല്ല. എന്നാൽ രണ്ട് വർഷമായി കേരള പൊലീസിന് മുടങ്ങാതെ കിട്ടുന്ന ഒരു അഞ്ചംഗ പടയുടെ ഗ്രൂപ്പ് സല്യൂട്ട് മറ്റ് സല്യൂട്ടുകളേക്കാൾ വേറിട്ടതാകുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ വേങ്ങയിലാണ് അഞ്ചംഗ കുരുന്ന് സംഘം ദിവസേന മാസ് സല്യൂട്ട് നൽകുന്നത്. അട്ടപ്പാടി ഷോളയൂർ സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ ജെയ്ൻ പൗലോസിനാണ് കുരുന്നുകളുടെ സല്യൂട്ട് ലഭിക്കുന്നത്. വേങ്ങ സ്വദേശിയായ ഇദ്ദേഹം ദിവസവും രാവിലെ നടക്കാനിറങ്ങുമ്പോഴാണ് മദ്രസയിലേക്ക് പോകുന്ന കുട്ടികൾ ഇദ്ദേഹത്തെ കാണുമ്പോൾ അറ്റൻഷനായി നിന്ന് ഒരുമിച്ച് സല്യൂട്ട് നൽകുന്നത്. മുഹമ്മദ് ഷിനാൻ, ഫാത്തിമ, സൻഹ ഫാത്തിമ, ഷേസ ഫാത്തിമ, സഫ ഫാത്തിമ എന്നിവരാണ് കേരള പൊലീസിന് ആദരമെന്ന പോലെ ഗ്രൂപ്പ് സല്യൂട്ട് നൽകുന്നത്. ആദ്യമായി കുട്ടികൾ സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ അമ്പരപ്പാണ് ഉണ്ടായതെന്ന് ജെയ്ൻ പൗലോസ് പറയുന്നു.എന്നാൽ നിത്യ സംഭവമാതോടെ കുരുന്നുകൾ മനസറിഞ്ഞു നൽകുന്ന ബഹുമാനമാണിതെന്ന് മനസിലാക്കി സ്‌നേഹപൂർവ്വം സല്യൂട്ട് സ്വീകരിക്കുകയായിരുന്നു. ജെയ്ൻ പൗലോസ് തിരിച്ച് സല്യൂട്ട് നൽകുമ്പോൾ കുരുന്നുകൾക്കേറെ സന്തോഷം. ജെയ്ൻ പൗലോസിന്റെ വീടിന്റെ സമീപ പ്രദേശത്താണ് കുട്ടികളുടെ കുടുംബങ്ങളും താമസിക്കുന്നത്. പൊലീസ് സേനയെ ഏറെ ഇഷ്ടപ്പെടുകയും ഭാവിയിൽ പൊലീസ് ആകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് കുട്ടികൾ. ദിവസേനയുള്ള സല്യൂട്ട് കാണുന്ന പ്രദേശവാസികളും ഏറെ സന്തോഷത്തിലാണ്. പൊലീസ് ഉൾപ്പെടെയുള്ള സേനകൾക്ക് നൽകേണ്ട അർഹിക്കുന്ന ആദരവ് പലപ്പോഴും കിട്ടാതെയാകുന്ന വർത്തമാന കാലത്ത് കുരുന്നുകളുടെ സല്യൂട്ട് ഏറെ മാതൃകയാണെന്ന് ഇവർ പറയുന്നു.
സല്യൂട്ടുകൾ ഔദ്യോഗിക ജീവിതതത്തിൽ നിത്യ സംഭവമാണെങ്കിലും ഈ കുഞ്ഞുമക്കളുടെ സല്യൂട്ട് മനസ് നിറക്കുന്നതാണ്. കേരള പൊലീസ് സേനയ്ക്കാകെ നൽകുന്ന ആദരവായാണ് ദിവസവും ആ അഞ്ചുപേരുടെയും സല്യൂട്ട് ഏറ്റുവാങ്ങുന്നതും സന്തോഷത്തോടെ തിരിച്ച് നൽകുന്നതും.
ജെയ്ൻ പൗലോസ്, സബ് ഇൻസ്‌പെക്ടർ, സ്‌പെഷൽ ബ്രാഞ്ച്, ഷോളയൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |