നെന്മാറ: കാവലിരുന്ന കർഷകരെയും വാച്ചർമാരെയും കബളിപ്പിച്ച് കാട്ടാന വീണ്ടും കൃഷിയിടങ്ങളിൽ എത്തി. അയിലൂർ, കരിമ്പാറ, പുഞ്ചേരിയിലാണ് രണ്ടാം ദിവസവും ഒറ്റയാൻ തെങ്ങുകൾ നശിപ്പിച്ചത്. പുഞ്ചേരി ഭാഗത്തെ വൈദ്യുത വേലി ചവിട്ടി മറിച്ചിട്ടാണ് കാട്ടാന പുതിയ വഴി കണ്ടെത്തി കൃഷിയിടത്തിൽ എത്തിയത്.കുന്നുപറമ്പ് വീട്ടിൽ യു. ഷാജഹാന്റെ 6 തെങ്ങുകളാണ് ഒറ്റയാൻ നശിപ്പിച്ചത്. സമീപത്തെ കർഷകനായ എം.മോഹൻദാസിന്റെ മോട്ടോർ ഷെഡിന് ചുറ്റും കാട്ടാന ചവിട്ടി നാശം വരുത്തി. കെ.ചെന്താമരാക്ഷന്റെ തെങ്ങും കമുകുകളും നശിപ്പിച്ചിട്ടുണ്ട്. എം.അഹ്മദ് കുട്ടിയുടെ റബ്ബർ തോട്ടത്തിലെ പ്ലാറ്റ്‌ഫോം വിവിധ ഇടങ്ങളിൽ ചവിട്ടി നശിപ്പിച്ചു.
കഴിഞ്ഞദിവസം കൂട്ടമായി ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കയറ്റാൻ വാച്ചർമാർ കാവൽ നിന്നതിന് തൊട്ടടുത്തുള്ള മറ്റൊരു കുന്നിൻ ചെരുവിലൂടെയാണ് ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. മുൻ ദിവസം ആന വന്ന വഴിയിൽ രാത്രി 11 മണി വരെ കർഷകരും വാച്ചർ മാരും പടക്കം പൊട്ടിച്ചും ലൈറ്റുകൾ തെളിച്ചും കാവൽ നിന്നിരുന്നു. ഇതോടെ കാട്ടാനക്കൂട്ടം വനമേഖലയിലെ മറ്റൊരു ഭാഗത്തേക്ക് കടന്നു. രാത്രി കനത്ത മഴയിൽ പ്രദേശത്തെ വൈദ്യുതി നിലച്ചതോടെ കർഷകരും വാച്ചർമാരും സുരക്ഷയെ കരുതി മലയോര മേഖലകളിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനുശേഷമാണ് കൂട്ടത്തിൽ മാറിനിന്ന ഒറ്റയാൻ മറ്റൊരു വഴിയിലൂടെ ആദ്യദിവസം വന്ന ഷാജഹാന്റെ കൃഷിയിടത്തിൽ വീണ്ടും എത്തി നാശം വരുത്തിയത്. കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തിയ സ്ഥലങ്ങൾ നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഷെരീഫിന്റെയും സെക്ഷൻ ഫോറസ്റ്റർ ജയിനുലാബുദ്ദീന്റെയും നേതൃത്വത്തിലുള്ള വനപാലകസംഘം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വിവിധ പ്രദേശങ്ങളിൽ ഇന്നുമുതൽ കാട്ടാനയെ പ്രതിരോധിക്കാൻ കൂടുതൽ സംഘങ്ങളെ നിയോഗിച്ച് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കും. കാട്ടാനകൾ തകർത്ത വൈദ്യുത വേലിയുടെ തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കും. കൃഷിവകുപ്പ് അനുവദിച്ച വൈദ്യുത തൂക്കു വേലിയെ കൂടാതെ വനം വകുപ്പ് ഫണ്ട് ഉപയോഗിച്ച് തൂക്കുവേലി നിർമ്മാണത്തിനും നടപടി സ്വീകരിക്കുന്നുണ്ട്.
കെ.ഷെരീഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, നെല്ലിയാമ്പതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |