മുതലമട: കനത്ത മഴമൂലം ഉൾനാടൻ മത്സ്യക്കൃഷികൾ പ്രതിസന്ധിയിലായി. മുതലമടയിലെ പെരുഞ്ചിറ, കാമ്പ്രത്ത്ച്ചള്ള, സ്രാമ്പിച്ചള്ള തുടങ്ങിയിടങ്ങളിലെ മത്സ്യ കർഷകർക്കാണ് കനത്തമഴ തിരിച്ചടിയായത്. കഴിഞ്ഞ വേനലിൽ ഭൂരിഭാഗം കുളങ്ങളും വറ്റിവരണ്ടതോടെ ഉൾനാടൻ മത്സ്യ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു. എന്നാൽ കാലവർഷം സജീവമായതോടെ ഇവർക്ക് പുതിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോൾ കാലവർഷം കനത്തതോടെ കുളങ്ങളും പാടങ്ങളും വെള്ളം കയറി മുങ്ങി താണു. മത്സ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി.
ഉൾനാടൻ മത്സ്യക്കൃഷിക്ക് ഏറെ സാധ്യതയുള്ള പ്രദേശമായതിനാൽ മുതലമട പഞ്ചായത്തിൽ 80 ഓളം മത്സ്യ കർഷകരാന്നുള്ളത്. ഇതിൽ മിക്കവരും യുവാക്കളാണ്. കുറെ വർഷങ്ങളായി കാലാവസ്ഥ പ്രതിസന്ധിയിൽ ഇവർക്ക് തിരിച്ചടി മാത്രമാണുണ്ടായിട്ടുള്ളത്. യുവ കർഷകൻ എസ്.നിതിൻഘോഷിന് കഴിഞ്ഞ വർഷം കുളം വറ്റിവരണ്ടത് മൂലം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഇക്കുറി പത്തായിരം കുഞ്ഞുങ്ങളെ മുപ്പതിനായിരം രൂപ ചിലവിൽ കുളത്തിൽ നിക്ഷേപിച്ചെങ്കിലും മഴ ചതിച്ചതോടെ കുഞ്ഞുങ്ങൾ പൂർണ്ണമായും നഷ്ടമായി.
ഉൾനാടൻ മത്സ്യ കർഷകർക്ക് സംരക്ഷണം നൽകുന്ന സർക്കാർ സംവിധാനം വേണം. കഴിഞ്ഞ മൂന്ന് വർഷവും മത്സ്യകൃഷി പൂർണ്ണ നഷ്ടത്തിലാണ്.
എസ്.സുജീഷ് സ്രാമ്പിച്ചള്ള, മുതലമട,മത്സ്യ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |