പാലക്കാട്: ബലിതർപ്പണം നടത്തി പിതൃക്കൾക്ക് മോക്ഷപ്രാപ്തിയേകാൻ പാലക്കാട് ജില്ലയിലെ സ്‌നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് പുലർച്ചെ മുതൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രത്തിന് സമീപം പുഴയോരത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് പുലർച്ചെ നാലോടെ തുടക്കമാകും. ക്ഷേത്രത്തിന്റെ പ്രവേശനഭാഗത്ത് പ്രത്യേക കൗണ്ടറുണ്ടാവും. ബലിതർപ്പണത്തിനുള്ള സാധനങ്ങൾ കൊണ്ടുവരണം. പ്ലാസ്റ്റിക് ബാഗുകളുൾപ്പെടെ അനുവദിക്കില്ല. പുഴക്കടവ് അണുവിമുക്തമാക്കി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. പുഴയിൽ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം നൂറു പേർക്ക് ബലിതർപ്പണം ചെയ്യാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാലിന്യനീക്കത്തിന് രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചുമുതൽ ബലിതർപ്പണം നടക്കും. തിരുനാവായയിൽ പുലർച്ചെ 2.30നു ചടങ്ങുകൾക്ക് തുടക്കമാകും. 17 കർമികളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. വാവുബലി രസീതാക്കാൻ 40 രൂപയാണ് ഫീസ്.
ചിറ്റൂർ ശോകനാശിനീതീരം
ശോകനാശിനീതീരത്ത് പുലർച്ചെ വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടക്കും. ചിറ്റൂർ താലൂക്ക് എസ്.എൻ.ഡി.പി യോഗം യൂണിയന്റെ നേതൃത്വത്തിൽ പുഴപ്പാലത്തെ ശ്രീനാരായണഗുരു മന്ദിരത്തിന് സമീപം ബലിതർപ്പണം നടക്കും. ഫോൺ: 9400034494. പാലത്തുള്ളി ശിവ ക്ഷേത്രക്കടവിൽ പുലർച്ചെ അഞ്ചിന് പിതൃതർപ്പണം ആരംഭിക്കും. ഫോൺ: 9744265773. തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം ആറാട്ടുകടവിൽ വാവുബലി തർപ്പണം രാവിലെ അഞ്ചിന് തുടങ്ങും. ഫോൺ: 9526621204.
തൃത്താല യജ്ഞേശ്വരം ക്ഷേത്രം
കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനാൽ ഭാരതപ്പുഴയോരത്ത് തൃത്താല വെള്ളിയാങ്കല്ലിൽ സ്ഥിതിചെയ്യുന്ന യജ്ഞേശ്വരം ക്ഷേത്രക്കടവിൽ ഇത്തവണ ബലിയിടാൻ അനുമതിയില്ല. പകരം ക്ഷേത്രത്തിന് പിറകിൽ വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പുലർച്ചെ നാലിനുതന്നെ ചടങ്ങുകൾ ആരംഭിക്കും. ബലിയിടാനെത്തുന്നവർക്ക് കുളിക്കാനും വസ്ത്രം മാറുന്നതിനും ഉള്ള സൗകര്യങ്ങൾ തയ്യാറായിട്ടുണ്ട്. ബലിതർപ്പണത്തിനുശേഷം ലഘുഭക്ഷണവും ഉണ്ടാകും. തർപ്പണം നടത്തുന്നവർക്ക് നിർദേശങ്ങൾ നൽകുന്നതിനായി ഉച്ചഭാഷിണികളും സ്ഥാപിച്ചിട്ടുണ്ട്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോൺ: 7012789159
തിരുമിറ്റക്കോട് ക്ഷേത്രം
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ബലിതർപ്പണം മൂന്ന് സ്ഥലങ്ങളിലായാണ് നടക്കുന്നത്. ഓരോ നിരയിൽ 900 ഭക്തർക്ക് കർമങ്ങൾ നടത്താനുള്ള സൗകര്യമുണ്ടെന്നും പുലർച്ചെ മൂന്നരയോടെ ചടങ്ങുകൾ തുടങ്ങുമെന്നും ക്ഷേത്രഭാരവാഹികളറിയിച്ചു. പ്രഭാതഭക്ഷണവും തയ്യാറാക്കിയിട്ടുണ്ട്.
കരിമ്പുഴ
കരിമ്പുഴയുടെ തീരത്തുള്ള കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ 3.30ന് ബലിതർപ്പണം തുടങ്ങും. പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തിലധികം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഗണപതി ഹോമം, ഭഗവത് സേവ, വിശേഷാൽ പൂജകൾ, ആനയൂട്ട് എന്നിവ ഉണ്ടാകും.
പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം
ബലിതർപ്പണവേദിയിൽ പുലർച്ചെ 3.30ന് തർപ്പണം തുടങ്ങും. ഫോൺ: 9847180887. ഐവർമഠം കോരപ്പത്ത് ബലിതർപ്പണഘട്ടത്തിൽ പുലർച്ചെ നാലിന് ബലിതർപ്പണം തുടങ്ങും. ഫോൺ: 9447082591.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |