പാലപ്പുറം: സ്വദേശീയതയെ തുന്നിയോജിപ്പിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിച്ച പാരമ്പര്യമുള്ള കൈത്തറി തൊഴിലാളികൾ ഇന്ന് ജീവിതത്തിന്റെ ഊടും പാവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്. കൈത്തറി യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ കൈത്തറി യൂണിഫോം പദ്ധതിയിൽ നിന്നുള്ള വേതനം മാസങ്ങളായി കുടിശികയായതോടെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതം തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. വേതനം കിട്ടാതായതോടെ പാലക്കാട് ജില്ലയിൽ പാലപ്പുറം കൈത്തറി സഹകരണസംഘത്തിലെ യൂണിഫോം നെയ്ത്ത് പാതിവഴിയിൽ നിറുത്തേണ്ടിവന്നു. യൂണിഫോം നെയ്ത്തിലൂടെ പ്രതിസന്ധി ഒഴിവായി കരകയറാമെന്ന മോഹവും അതോടെ അസ്തമിച്ചു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നെയ്ത്താണ് ഒന്നര വർഷം മുമ്പ് നിറുത്തിയത്. യൂണിഫോം നെയ്ത്തിന് രണ്ടുതൊഴിലാളികളാണ് രാവന്തിയോളം തൊഴിലെടുത്തിരുന്നത്. ഒരു ദിവസം രണ്ടു തൊഴിലാളികൾ ചേർന്ന് 20 മീറ്ററിലേറെ യൂണിഫോം തുണികളാണ് നെയ്തുണ്ടാക്കിയിരുന്നത്. മാസത്തിൽ 500 മീറ്ററോളം തുണി പാലപ്പുറത്ത് നിന്നുമാത്രം യൂണിഫോമായി കുട്ടികളുടെ കൈകളിൽ എത്തിയിരുന്നു. ആദ്യകാലങ്ങളിൽ വേതനം കൃത്യമായി ലഭിച്ചെങ്കിലും പിന്നീട് കാലതാമസം വന്നുതുടങ്ങി. ആറുമാസത്തിലധികം വേതനക്കുടിശിക വന്നു തുടങ്ങിയതോടെ ഒരാൾ തൊഴിൽ നിറുത്തി. മറ്റൊരാൾ ഇതുകാരണവും വാർദ്ധക്യസഹജമായ പ്രശ്നങ്ങളും മൂലം നെയ്ത്തിൽനിന്ന് പിന്മാറി. നെയ്ത്തിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് തൊഴിലാളികൾ മുന്നോട്ടു പോയിരുന്നത്. വേതനം സർക്കാർ വഴി നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണു ചെയ്തത്. തൊഴിലാളികൾ ഇല്ലാതായതോടെ അതുവഴി സഹകരണ സംഘത്തിന് ലഭിച്ച വരുമാനവും നിലച്ചു.
പ്രൊഡക്ഷൻ ഇൻസെന്റീവിൽ 9 ലക്ഷം രൂപ കുടിശിക
സഹകരണ സംഘത്തിൽ കൈത്തറി നെയ്ത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് സർക്കാർ നൽകിയിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവും അഞ്ചുവർഷത്തോളമായി കുടിശ്ശികയാണ്. അഞ്ച് നെയ്ത്തുതൊഴിലാളികൾക്ക് 2019 സ്റ്റെപംബർ മുതൽ 2023 വരെയാണ് കുടിശികയുള്ളത്. ഈയിനത്തിൽ ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് കുടിശികയായിക്കിടക്കുന്നത്. ഒരു ദിവസം നാലുമീറ്ററിൽ കൂടുതൽ തുണി നെയ്യുന്ന തൊഴിലാളികൾക്ക് മാസാമാസം സർക്കാർ അനുവദിക്കാറുള്ളതാണു പ്രൊഡക്ഷൻ ഇൻസെന്റീവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |