മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള ഇന്ന് റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 2409 പട്ടയമാണ് വിതരണത്തിന് സജ്ജമായത്. ആലത്തൂർ(263), തരൂർ(322), ചിറ്റൂർ(63), നെന്മാറ(90), പാലക്കാട്(98), മലമ്പുഴ(84), കോങ്ങാട്(249), ഒറ്റപ്പാലം(343), ഷൊർണ്ണൂർ(140), മണ്ണാർക്കാട്(459), പട്ടാമ്പി(104), തൃത്താല(194) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. ജില്ലയിൽ 2021 മുതൽ 2025 മെയ് വരെ 53524 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മണ്ണാർക്കാട്, തൃത്താല ഒഴികെ മണ്ഡലങ്ങളുടെ വിതരണമാണ് ഇന്ന് നടക്കുക. ഇവിടങ്ങളിലെ പട്ടയമേള പിന്നീട് നടക്കും.
പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ പട്ടയമേള ഉച്ചയ്ക്ക് 2.30ന് യാക്കര സുമംഗലി കല്യാണ മണ്ഡപത്തിൽ നടക്കും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അദ്ധ്യക്ഷനാകും. എ.പ്രഭാകരൻ എം.എൽ.എ പട്ടയങ്ങൾ വിതരണം ചെയ്യും. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. പട്ടാമ്പി മണ്ഡലത്തിലെ പട്ടയ വിതരണം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11ന്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ മുഖ്യാതിഥിയാവും. ചിറ്റൂർ മണ്ഡലത്തിൽ പട്ടയമേളയും, കൊല്ലങ്കോട്1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും കൊല്ലങ്കോട് ഫയർ സ്റ്റേഷൻ അങ്കണത്തിൽ രാവിലെ 10.30ന് നടക്കും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാവും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാവും. ആലത്തൂരിലെ പട്ടയമേള എരിമയൂർ പഞ്ചായത്ത് ഹാളിൽ രാവിലെ 11ന്. കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയാവും.
തരൂർ മണ്ഡലത്തിലെ പട്ടയമേള വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11.30ന്. പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥിയാവും. കോങ്ങാട് മണ്ഡലത്തിലെ പട്ടയമേള കരിമ്പ എച്ച്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. കെ ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷയാകും. വി.കെ.ശ്രീകണ്ഠൻ മുഖ്യാതിഥിയാവും. ഷൊർണ്ണൂരിലെ പട്ടയ വിതരണം രാവിലെ 11ന് ചെർപ്പുളശ്ശേരി നഗരസഭാ ഹാളിൽ നടക്കും. പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനാകും. വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയാവും. ഒറ്റപ്പാലത്തെ പട്ടയവിതരണം വൈകീട്ട് മൂന്നിന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ മുഖ്യാതിഥിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |