
ഒറ്റപ്പാലം: സംസ്ഥാനത്തു നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നു. നിലവിലെ കണക്കു പ്രകാരം മുന്നൂറിലേറെ ആനകൾ മാത്രമാണുള്ളത്. ഇതിൽ എഴുന്നെള്ളിപ്പുകൾക്ക് ഉപയോഗിക്കാനാകുന്നതു നൂറ്റിയെഴുപതോളം ആനകളെ മാത്രം. എണ്ണം കുറഞ്ഞതോടെ ഉള്ള ആനകളുടെ ജോലിഭാരവും കൂടി. തിരക്കേറിയ ഉത്സവകാലത്ത് ഇവയ്ക്കു മതിയായ വിശ്രമത്തിനു പോലും സമയം ലഭിക്കുന്നില്ല. നിലവിൽ പാലക്കാട് ജില്ലയിൽ ഉത്സവ സീസണിന് തുടക്കമായി. എഴുന്നെള്ളിപ്പുകൾക്കുള്ള നാട്ടാനകളുടെ കുറവ്
ആനകളുടെ ഏക്ക സംഖ്യ ഉയരാനും കാരണമായിട്ടുണ്ട്. ഒന്നിലധികം ഉത്സവങ്ങളുള്ള ദിവസങ്ങളാണെങ്കിൽ താരമൂല്യമുള്ള ആനകൾക്കു ശരാശരി 4 ലക്ഷത്തോളം രൂപ നൽകണം. ലേലത്തിലേക്കു നീങ്ങിയാൽ ഏക്കത്തുക റെക്കോർഡിലേക്കും കുതിച്ചുയരും.
നിരോധനം നീക്കുന്ന ബില്ലിൽ നടപടിയായില്ല
അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള നിരോധനം നീക്കുന്ന ബിൽ കേന്ദ്ര സർക്കാർ പാസാക്കി വർഷം മൂന്ന് കഴിഞ്ഞിട്ടും കാര്യങ്ങളെല്ലാം പഴയപടി തന്നെ. സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഉത്സവ എഴുന്നെള്ളിപ്പുകൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് അനിശ്ചിതത്വം. 2022 ഡിസംബറിലാണു വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ബിൽ പാർലമെന്റ് പാസാക്കിയത്. തുടർ നടപടികൾക്കു സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തേക്കു പുതിയ കൊമ്പൻമാർ എത്തുമെന്നായിരുന്നു ഉത്സവ പ്രേമികളുടെയും ദേവസ്വങ്ങളുടെയും പ്രതീക്ഷ.
നിയമം പ്രാബല്യത്തിലാകുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും മാർഗരേഖയും ഇതുവരെ തയാറാക്കാത്തതാണ് ആനകളെ കൊണ്ടുവരുന്നതിനു തടസം. ഇതു സംബന്ധിച്ചു സർക്കാരുമായി പലവട്ടം ചർച്ചകൾ നടന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഉടമസ്ഥാവകാശമുള്ള ആർക്കും മുൻകൂർ അനുമതിയോടെ ആനകളെ രാജ്യത്ത് എവിടേക്കു വേണമെങ്കിലും കൊണ്ടപോകാൻ കഴിയുന്ന വിധത്തിലാണു ഭേദഗതി. കേരളത്തിലെ പല ആന ഉടമകളും അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോയി ദീർഘകാല കരാർ വ്യവസ്ഥയിലും മറ്റും കൊണ്ടുവരാൻ ആനകളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |