ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം ആളെ കൊല്ലും മാമ്പഴം

Thursday 07 May 2026 12:01 AM IST

പാലക്കാട്: മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവർഗങ്ങൾ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാർത്ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.

ജില്ലയിലെ മുതലമട, പള്ളം എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മാങ്ങ പ്രോസസിംഗ് ഏരിയയിലും സംഭരിക്കുന്ന ഗോഡൗണുകളിലും വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി. മാങ്ങ വിപണന കേന്ദ്രങ്ങൾ, പഴവിൽപന ശാലകൾ, വഴിയോര വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കുമെന്നും കൃത്രിമ പഴുപ്പിക്കൽ, അമിത കീടനാശിനി ഉപയോഗം, ഗുണനിലവാര ലംഘനം എന്നിവക്കെതിരെ കർശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ്‌മെന്റ് നോട്ടീസും ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുകയും അമിതമായ കീടനാശിനി ഉപയോഗം നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പിഴ അടയ്ക്കുന്നതിന് നോട്ടീസും നൽകി.

സുരക്ഷിതമായി ഉപയോഗിക്കാം

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുമ്പ് ശുദ്ധജലത്തിൽ നന്നായി കഴുകുക. വെള്ളത്തിൽ മുക്കിവെച്ച് കഴുകി ഉപയോഗിക്കുന്നത് ഉപരിതല അവശിഷ്ടം കുറയ്ക്കാൻ സഹായിക്കും. ഫലങ്ങളുടെ തൊലി നീക്കംചെയ്ത് ഉപയോഗിക്കുന്നത് സമ്പർക്ക സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അധികൃതർ അറിയിച്ചു.