വടക്കഞ്ചേരി: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ വർദ്ധനവ്. നിപ്പ, ചെള്ളുപനി, മങ്കിപോക്സ് മുതലായവ മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പകരുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ എണ്ണം പെരുകുമ്പോൾ വരാനിരിക്കുന്ന പല രോഗങ്ങളും ജന്തുജന്യമാകാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. വളർത്തു മൃഗങ്ങളോടും മറ്റ് ജന്തുക്കളോടും പെരുമാറുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും നേരിട്ടോ അല്ലാതെയോ പകരുന്നവയാണ് ജന്തുജന്യ രോഗങ്ങൾ. ഏകദേശം 250ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ രേഖകൾ അനുസരിച്ച് പുതുതായി തിരിച്ചറിയപ്പെടുന്നവയിൽ 75 ശതമാനം രോഗങ്ങളും ജന്തുജന്യമാണ്. പേവിഷബാധ, കുരങ്ങുപനി, എലിപ്പനി, എബോള, പക്ഷിപ്പനി, നിപ്പ, ആന്ത്രാക്സ്, പന്നിപ്പനി, സാൽമണെല്ലോസിസ് തുടങ്ങിയവയാണ് ജന്തുജന്യ രോഗങ്ങൾ.
കൂടുതലും പകരുന്നത് നായകൾ വഴി
നായകൾ വഴിയാണ് ഭൂരിഭാഗം ജന്തുജന്യ രോഗങ്ങളും പകരുന്നത്. നായയുമായിട്ടുള്ള സമ്പർക്കം മൂലം കുട്ടികളിലും രോഗം പടരാനിടയുണ്ട്. ഓമനമൃഗങ്ങളെ ചെള്ള്, പേൻ തുടങ്ങിയവയിൽ നിന്ന് മുക്തമാക്കണം. അവയുമായി സമ്പർക്കമുണ്ടായാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകണം. കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു വയ്ക്കുക, മൃഗങ്ങളുമായി ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം പങ്കുവയ്ക്കാതിരിക്കുക, മൃഗങ്ങൾ, അവയുടെ ഭക്ഷണം, കൂട് എന്നിവ ശുചിയാക്കുക എന്നിവയിൽ ജാഗ്രത വേണം. പ്രതിരോധ കുത്തിവയ്പാണ് നായകൾക്ക് രോഗം വരാതിരിക്കാനുള്ള ഏക മാർഗം. രണ്ട് മാസമുള്ളപ്പോൾ ആദ്യ കുത്തിവയ്പ് എടുക്കണം. ഒരു മാസം കഴിയമ്പോൾ ഒരു ബൂസ്റ്റർ കുത്തിവയ്പും വർഷം തോറും ഓരോ കുത്തിവയ്പും നൽകണം. ഇന്ത്യയിൽ ഓരോ രണ്ട് സെക്കന്റിലും ഒരാളെ നായ കടിക്കുന്നു എന്നാണ് കണക്ക്. കടിയേൽക്കുന്നവരിൽ പകുതിയിലേറെയും 15 വയസിൽ താഴെയുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |