കോന്നി : വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന പുരപ്പടയണി ഇന്ന് നടക്കും. കടമ്മനിട്ട ഗോത്രകലാ കളരിയും വെട്ടൂർ ആയിരവില്ലേശ്വര കലാഗ്രാമവും ചേർന്നാണ് പടയണി അവതരിപ്പിക്കുന്നത്. ഇന്ന് രാവിലെ 5ന് ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം, 8.30 ന് അന്നദാനവും വൈകിട്ട് 6.30ന് ദീപാരാധനയും ദീപക്കാഴ്ചയും. 7ന് കോലം എടുത്തുവരവും 9ന് പൂരപടയണിയും നടക്കും. നാളെ രാവിലെ 5ന് നിറമാല ചാർത്തും വൈകിട്ട് 4 മുതൽ എഴുന്നെള്ളത്തും കെട്ടുകാഴ്ചയും വേലകളിയും നടക്കും. രാത്രി 7ന് പടയണി കളമെഴുത്തും പാട്ടും, 9ന് പടയണി കളത്തിലേക്ക് എഴുന്നെള്ളത്ത് നടക്കും. ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഗണപതിയും മാടനും മറുതയും കാഞ്ഞിരമാലയും കാലനും പക്ഷിയും യക്ഷിയും ഭൈരവിയും നിറഞ്ഞാടി തുള്ളി ഒഴിയുന്നത് കലാഗ്രാമത്തിലെ 15 കുട്ടികളാണ്. ഒന്നിടവിട്ട വർഷങ്ങളിൽ കിഴക്ക്, പടിഞ്ഞാറെ കരകളാണ് കോലങ്ങൾ തയ്യാറാക്കുന്നത്. ഭക്തർ കാലദോഷത്തിനായി നടത്തുന്ന വഴിപാടാണ് കോലങ്ങൾ. ക്ഷേത്രത്തിന് മുൻപിലുള്ള ഭൂതത്താൻകാവിനെ വലംവച്ച് അഞ്ഞാഴി കണ്ടത്തിലൂടെയാണ് പടയണി കളത്തിലേക്ക് കോലങ്ങൾ എത്തുന്നത്. നാളെ നടക്കുന്ന കെട്ടുകാഴ്ച കാണാൻ നൂറുകണക്കിന് ഭക്തർ എത്തും. 44 അടി ഏഴിഞ്ച് ഉയരവും 14 അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. മദ്ധ്യതിരുവിതാംകൂറിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂറിലധികം ആളുകൾ ഇരുവശത്തുനിന്നും എടുപ്പുകുതിരകളെ തോളിലേറ്റി എഴുന്നെള്ളിക്കുന്ന കാഴ്ച ഭക്തിയും ആവേശവും കുടിച്ചേരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |