നദികളുടെ കടവുകളേറെയും മരണക്കയങ്ങളാകുകയാണ്. പൊലിയുന്ന ജീവനുകളേറെയും ചെറുപ്പക്കാരുടേതും. അധികം ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞയിടം. തെളിഞ്ഞൊഴുകുന്ന നദി. ഇത്തിരി നേരം അവിടിരിക്കാൻ തോന്നുന്നത് തെറ്റല്ല. പക്ഷേ പരിചയമില്ലാത്ത കടവുകളിൽ ഇറങ്ങി അപകടം ക്ഷണിച്ചുവരുത്തുകയാണ് പലരും. നാൽപ്പത് പേരുടെ മൃതശരീരങ്ങളാണ് പത്തനംതിട്ട സ്കൂബാ ടീം കഴിഞ്ഞ വർഷം മുങ്ങിയെടുത്തത്. ഈ വർഷം ഇതുവരെ പതിനൊന്നു മരണം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. മരിച്ചവരിൽ തൊണ്ണൂറ് ശതമാനവും 25 വയസിൽ താഴെയുള്ള വിദ്യാർത്ഥികളാണ്. ഇപ്പോൾ അവധിക്കാലമാതിനാൽ കൂടുതൽ അപകടത്തിന് സാദ്ധ്യതയുണ്ട്. അപകട മുന്നറിയിപ്പ് പോലും വകവയ്ക്കാതെയാണ് ചിലർ വെള്ളത്തിലിറങ്ങുന്നത്.
ആറൻമുള പരപ്പുഴ ചെമ്പോത്ത് കടവ്
പ്രദേശവാസികൾക്കു പോലും നിശ്ചയമില്ല പരപ്പുഴ ചെമ്പോത്ത് കടവിന്റെ ആഴം. പുലിമുട്ടും കയവും ഒന്നു ചേർന്നതാണിവിടം. മാരാമൺ കൺവെൻഷൻ സമയത്ത് സഹോദരങ്ങളായ രണ്ട് പേർക്ക് ജീവൻ നഷ്ടമായത് ഈ കടവിൽ വച്ചാണ്.
നിക്ഷേപമാലി എന്നറിയപ്പെടുന്ന പരപ്പുഴ കടവിൽ നിന്നാണ് ആറൻമുള വള്ളംകളി ആരംഭിക്കുന്നത്. മാരാമൺ കൈപ്പുഴ കയത്തിന് തൊട്ടു താഴെ നദി തിരിയുന്ന ഭാഗമായ പരപ്പുഴ കടവിൽ നിറയെ കയങ്ങളാണെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്കു മുൻപ് വള്ളംകളിക്ക് പോയ പള്ളിയോടം ഇവിടെ മറിഞ്ഞിട്ടുണ്ട്. നദിയിൽ കുളിക്കാനിറങ്ങിയ നിരവധി പേർക്ക് അപകടം സംഭവിച്ച കടവാണിത്. സമീപത്തുള്ളവർ ഈ കടവിലിറങ്ങാറില്ല. അപകട സൂചനാ ബോർഡുണ്ടെങ്കിലും ഇത് അവഗണിച്ച് കടവിലിറങ്ങുന്നവർ നിരവധിയാണ്.
വേണം ജാഗ്രത
കടവുകളിൽ അപകട സൂചനാ ബോർഡ് സ്ഥാപിക്കണം. അവധിക്കാലമാണ്. വിദ്യാർത്ഥികൾ കടവുകളിലിറങ്ങുമ്പോൾ സൂക്ഷിക്കണം. രക്ഷിക്കാനായി ശ്രമിക്കുന്നവരും അപകടത്തിലാകാറുണ്ട്. വെള്ളത്തിൽ മുങ്ങിപ്പോകുന്നവർക്ക് നിലത്തുകിടന്ന് നീളമുള്ള മരത്തടിയോ അത് പോലുള്ള എന്തെങ്കിലും ഇട്ടുകൊടുക്കുന്നതാണ് നല്ലത്. ശരീരത്തിന്റെ മുഴുവൻ ഭാരവും നിലത്തേക്ക് വരത്തക്ക രീതിയിൽ കിടന്നുവേണം ചെയ്യാൻ. അല്ലെങ്കിൽ അപകടത്തിൽപ്പെട്ടയാൾ വീഴുന്ന ആഘാതത്തിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരേയും കൊണ്ട് ആഴങ്ങളിലേക്ക് പോകും.
സന്തോഷ് കുമാർ
(പത്തനംതിട്ട ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ)
പത്തനംതിട്ട ജില്ലയിലെ നദികളിൽ കഴിഞ്ഞ വർഷം മുങ്ങിമരിച്ചത് - 40 പേർ
ഇൗ വർഷം ഇതുവരെ മരിച്ചത് 11 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |