
ശബരിമല : മണ്ഡലകാല തീർത്ഥാടനത്തിന് നട തുറന്ന് ഒൻപത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു. വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിലൂടെയും എത്തിയവരുടെ കണക്കാണിത്. സന്നിധാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും സംയുക്ത തീരുമാനപ്രകാരമാണ് ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗുകളുടെ പരിധി തീരുമാനിക്കുന്നത്. നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുള്ളത്. പമ്പയിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ബുക്കിംഗ് സൗകര്യമുണ്ട്. തിരക്കിന് അനുസരിച്ച് ദർശന സമയം വർദ്ധിപ്പിക്കും.
സ്പോട്ട് ബുക്കിംഗ് പരിധി ഉയർത്തും
ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം തുടങ്ങിയതോടെ സ്പോട്ട് ബുക്കിംഗ് പരിധി ഉയർത്തിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വരെ സ്പോട്ട് ബുക്കിംഗുകളുടെ പരിധി 5000 ആയി ക്രമീകരിച്ചിരുന്നു. എന്നാൽ തിരക്കിന് അനുസരിച്ച് ഇതിൽ മാറ്റം വരുത്താൻ ഹൈക്കോടതി നിർദ്ദേശമുണ്ടായതോടെയാണ് സ്പോട്ട് ബുക്കിംഗുകളുടെ പരിധി ഉയർത്തി കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇതിലൂടെ 20000 പേർക്ക് വരെ ദർശനത്തിന് അനുമതി ലഭിക്കും.
തീർത്ഥാടക തിരക്കേറി
ഇന്നലെ രാവിലെ മുതൽ ഇടമുറിയാതെ തീർത്ഥാടക പ്രവാഹമാണ് അനുഭവപ്പെടുന്നത്. ചാറ്റൽ മഴയും മൂടൽ മഞ്ഞും വകവയ്ക്കാതെ പതിനായിരങ്ങൾ ദർശനം നടത്തി. ഞായറാഴ്ച രാത്രി മുതൽ അനുഭവപ്പെട്ട് തുടങ്ങിയ തിരക്ക് ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ വലിയ നടപ്പന്തലിലെ എല്ലാ റോകളും നിറഞ്ഞാണ് തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തിയത്. ചിലസമയങ്ങളിൽ ക്യൂ ശരംകുത്തി യു ടേൺ വരെ നീണ്ടു. സന്നിധാനത്തെ തിരക്ക് അനുസരിച്ച് പമ്പയിലും നിലയ്ക്കലിലും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
മിനിറ്റിൽ 60 - 65 തീർത്ഥാടകരാണ് ശനിയാഴ്ച വരെ പതിനെട്ടാം പടി കയറിയിരുന്നത്. ഇന്നലെ മുതൽ ഇത് 80 - 85 ആയി ഉയർത്തി.
കേരള പൊലീസിനൊപ്പം ഇന്ത്യൻ റിസേർവ് ബറ്റാലിയനും പതിനെട്ടാംപടിയുടെ നിയന്ത്രണത്തിനുണ്ട്. കുടിവെള്ളവും ലഘുഭക്ഷണവും വൈദ്യസഹായവും പൂർണസമയവും ഉറപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |