
പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ മലയാലപ്പുഴയിൽ ഭക്തർ സമർപ്പിക്കുന്ന വഴിപാട് സാധനങ്ങൾ ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിൽക്കുന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ പൂജാസ്റ്റാളിൽ നിന്ന് ഭക്തർ വാങ്ങി സമർപ്പിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് അതേ സ്റ്റാളിലൂടെ വീണ്ടും വിൽപ്പന നടത്തുകയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനട വഴി സാധനങ്ങൾ ചാക്കിൽ കെട്ടി കടത്തിയതിന്റെ ഒന്നിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. ഭക്തർ സമർപ്പിച്ച വിളക്കുകൾ, ചന്ദനത്തിരി, കർപ്പൂരം, പട്ടുകൾ തുടങ്ങിയവയാണ് കടത്തിയത്.
പൂജാ സ്റ്റാൾ ജീവനക്കാരൻ സാധനങ്ങൾ മോഷ്ടിച്ച് ചാക്കിൽ പുറത്തേക്കു കൊണ്ടുപോയതിന്റെയും ഇതിന് വാച്ചറുടെ സഹായം ലഭിച്ചതിന്റെയും ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മെയ് 25ന് പുലർച്ചെ 5.20നും 5.30നും മോഷണം നടത്തിയതിന്റെ ദൃശ്യങ്ങൾ വിജിലൻസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവായതോടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു.
ഭക്തർ സമർപ്പിക്കുന്ന വഴിപാട് സാധനങ്ങൾ ഉഷ:പൂജയ്ക്കും അത്താഴപൂജയ്ക്കും ഇടയിലുള്ള സമയത്ത് ജീവനക്കാർ തരംതിരിച്ച് സ്റ്റോറിലേക്ക് മാറ്റണമെന്നാണ് നിയമം. ഇതു ലംഘിച്ച് പൂജാസാധനങ്ങൾ കടത്തുകയായിരുന്നു.
ദേവസ്വം ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലെ വാച്ചർ രഞ്ജിത്തിനെതിരെ മാത്രം മലയാലപ്പുഴ പൊലീസ് കേസെടുത്തു.
ലേലത്തുക അടയ്ക്കാതെ തട്ടിപ്പ്
ക്ഷേത്രത്തിലെ പൂജാ സ്റ്റാളുകൾ ലേലത്തിന് എടുത്ത് നടത്തുന്നത് റിട്ട.ദേവസ്വം ജീവനക്കാരനാണ്. ഇയാൾ നിരതദ്രവ്യം അടച്ചിട്ടില്ല. 8,26,303 രൂപയ്ക്കാണ് ലേലേം ചെയ്തത്. പണം ലഭിച്ചതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബാങ്ക് രേഖകളില്ല. റിട്ട.ജീവനക്കാരൻ തന്നെ പൂജാ സ്റ്റാളുകൾ ലേലത്തിന് എടുത്തതിൽ ഗൂഢാലോചന സംശയിക്കുന്നു. സ്റ്റാളിനുള്ള അനുമതി റദ്ദാക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |